ബംഗളൂരുവിലെ തിരക്കുകളിൽ നിന്ന് വിടവാങ്ങുമ്പോൾ കയ്യിൽ ഒരു ബാഗും ഉള്ളിൽ ‘ഇനിയെന്ത്?’ എന്ന ചോദ്യം മാത്രമായിരുന്നു.
മെട്രോ നഗരത്തിന്റെ തിരക്കുകളിൽ എവിടെ നട്ടാലും മുളയ്ക്കുന്ന ഒരു വൃക്ഷമായി എന്നെ മാറ്റിയ ആ മണ്ണിനോട് യാത്ര പറയുമ്പോൾ ഒരു പ്രിയതമയെ പിരിയുന്ന വിങ്ങലായിരുന്നു.
കൊറോണ പെയ്തിറങ്ങിയ ആ രാത്രിയിൽ, കേരള സമാജത്തിന്റെ ബസ്സിൽ വാളയാർ അതിർത്തി കടക്കുമ്പോൾ മൂന്നു കൊല്ലത്തോളം ബെംഗളൂരു സാറ്റലൈറ്റ് ബസ്റ്റാൻഡിൽനിന്നും മുത്തങ്ങവഴി കരിന്തണ്ടൻ പണ്ട് ബ്രിട്ടീഷുകാർക്ക് കാണിച്ചുകൊടുത്ത വയനാടൻ ചുരമിറങ്ങി KSRTC യിൽ കോഴിക്കോടും വരുന്ന എനിക്ക് അതൊരു പുതിയ അനുഭവമായിരുന്നു.
ചെക്ക്പോസ്റ്റ് കഴിഞ്ഞു ഒന്ന് മയങ്ങാമെന്നു കരുതിയപ്പോഴേക്കും ഫോൺ കോളുകളുടെ ബഹളമായി. പഞ്ചായത്ത് മെമ്പർ മുതൽ ബാലവാടി ടീച്ചർ വരെ!
അന്യഗ്രഹത്തിൽനിന്നൊരു ജീവി, ചോലക്കുണ്ട് എന്ന എന്റെ നാട്ടിൽവന്നു മുന്നിൽപെട്ടാൽ ഞാൻ അതിനോട് എന്തൊക്കെ ചോദിച്ചേനെ എന്നൊരു ചിന്ത ചെറുപ്പത്തിലെപ്പഴോ ഒരു ഏലിയൻ സിനിമ കണ്ടപ്പോൾ തോന്നിയിരുന്നു. അതിനു കാലം പിന്നിട്ട് കിട്ടിയൊരു മറുപടി പോലെയായിരുന്നു ഓരോരോ ചോദ്യങ്ങളും.
ഒടുവിൽ വീട്ടിലെത്തി. അറ്റാച്ച്ഡ് ബാത്റൂം ഉണ്ടായതിനാൽ 14 ദിവസത്തെ വീട്ടിലെ ഏകാന്തവാസം. ഉമ്മയുണ്ടാക്കിത്തരുന്ന വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച് ആദ്യ ദിവസം രാജാവിനെപ്പോലെ കഴിഞ്ഞു. പക്ഷേ, രണ്ടാം ദിവസം മുതൽ ബോറടിച്ചു തുടങ്ങി.
വെളിച്ചമുള്ള കാഴ്ചകൾക്ക് വിരാമമിട്ടു രാവിലെ ഉറങ്ങിയും രാത്രിയുടെ നീല വെളിച്ചത്തെ സ്നേഹിച്ചും ഉണർന്നിരുന്നു ഞാൻ സമയം കഴിച്ചു, സ്‌ക്രീൻ നിഴലുകൾ ഒരു പാടുപോലെ മുഖത്തു എപ്പോഴും ഉണ്ടായിരുന്നു. ഉറക്കത്തിലേക്കു വീഴുന്ന അതിരാവിലകളെ കെടുത്താൻ സർക്കാർ ഓഫീസുകളിൽ നിന്നുള്ള സ്ക്രിപ്റ്റഡ് കോളുകൾ തേടിവരാനും തുടങ്ങി.
വിളിക്കുന്ന എല്ലാവര്ക്കും സ്ക്രിപ്റ്റഡ് ആയിട്ടുള്ള റിപീറ്റ്ഡ് കാര്യങ്ങളും ചോദ്യങ്ങളും. ആദ്യമായിട്ടായിരുന്നു ഒരു SI ഒക്കെ സൗമ്യതയോടെ സംസാരിക്കുന്നത് ഞാൻ കാണുന്നത്.
എങ്കിലും, ബംഗളൂരു പോലെയുള്ള ഒരു മെട്രോ സിറ്റിയേക്കാൾ എത്രയോ പതിൽമടങ്ങു നന്നായിത്തന്നെ നമ്മുടെ നാട്ടിലെ സിസ്റ്റം ക്രിയാത്മകമായി പ്രവർത്തിക്കുന്നതിൽ അത്ഭുതംകൂറിയെങ്കിലും തന്റെ ഉറക്കത്തെ അത് ബാധിച്ചത് കാരണം വല്യ സന്തോഷം ഒന്നും തോന്നിയിരുന്നില്ല.
കൊറോണയായിട്ടു വിളിച്ച എന്റെ ഒരു ചെങ്ങായിനോട് ആംബുലൻസ് ഒഴിവില്ല ഓട്ടോവിളിച്ചു ഹോസ്‌പിറ്റലിലേക്ക്‌വരൻ പറഞ്ഞ കർണാടക സർക്കാർ ഉദ്യോഗസ്ഥനെ ഞാൻ വെറുതെ ഓർത്തുപോയി .
അങ്ങനെ പതിമൂന്നാമത്തെ ദിവസം , കൊറോണ ടെസ്റ്റ് എടുക്കാൻ രണ്ടു ഹെൽത് ഓഫീസർമാർ വന്നു, ഒരുപാട് ദിവസത്തിന് ശേഷം പുറത്തുനിന്നുള്ള രണ്ടു മനുഷ്യന്മാരെ കാണുന്നു,
മാസ്ക് വെച്ചിട്ടാണെങ്കിലും, കാണാൻ പറ്റിയ സന്തോഷം എനിക്ക്. മൂക്കിലേക്ക് നീളുന്ന ആ സാവധാനമായ ടെസ്റ്റ് കടമ്പയിൽ ഇടവേളയിൽ, അയാളെന്നെ സ്വയം പരിചയപ്പെടുത്തി: “ജഹാൻഗീർ.” ഇയാളുടെ മുനുന്റെ ഫ്രണ്ട് ആണ് ഞാൻ, ഓൻ പറഞ്ഞീന് ഇത് ഓന്റെ ചെങ്ങായി ആണെന്ന്. സന്തോഷം വീണ്ടും!!
അങ്ങനെ 14ആം ദിവസത്തിലേക്ക് കടക്കാനായിട്ടു ഒരു ദിവസംകൂടി ബാക്കിയായി, ചുമ്മാതിരുന്നു തിന്നുന്നതിന്റെ രസമൊക്കെ അപ്പഴേ കെട്ടടങ്ങിയിരുന്നു. ‘സ്വാതന്ത്ര്യം’ എന്നത് വെറും വാക്കല്ല, അത് ഒരു ആവശ്യം, ഒരു പൊള്ളുന്ന ലക്ഷ്യം!, ആന്തരിക വിപ്ലവത്തിന്റെ സൂചന! അതെ!! മതിലുകൾ തകർത്തെറിയുന്ന ഒരു വിപ്ലവകാരിയുടെ ഊർജം എങ്ങനെയോ വന്നപോലെ.
തുറന്ന വാതിലുകളിലേക്ക് ഇനി അല്പദൂരം! ഫ്രണ്ട്സിനെയൊക്കെ വിളിച്ചു തന്റെ "അനധ്യക്ഷ ജയിൽവാസം" അവസാനിച്ചതിന്റെ വാർത്ത പറയുമ്പോൾ മനസ്സിൽ പകർന്ന് നിന്നത് ഒരു ചെറിയ സന്തോഷം ആണെങ്കിലും ഉള്ളിൽ കൊറോണയുടെ ഫസ്‌ട്രേഷൻ, കോറന്റൈൻ തുടങ്ങിയവ മനസ്സിൽ ചെറിയൊരു വിരസത ഉണ്ടാക്കിയിരുന്നു.
പക്ഷെ അപ്പോഴും ചെങ്ങായിമാരെകാണാം എന്നൊരു വലിയ സന്തോഷം മനസ്സിലുണ്ടായിരുന്നു. അതെ എന്റെ ഗ്യാങ്, നാട്ടിലെ OG ഗ്യാങ്. ആരൊക്കെ എവിടെപ്പോയാലും, എന്തൊക്കെ ആയെന്നു പറഞ്ഞാലും തിരിച്ചു വീണ്ടുമെത്തുന്നു ഒരു സ്ഥലമാണ് ഞങ്ങടെ ക്ലബും, ചെറുപ്പം മുതലുള്ള കൂട്ടുകാരും.
അമേരിക്കൻ രാഷ്ട്രീയവും ക്രൂഡോയിൽ വിപണിയെക്കുറിച്ചുംവരെ സംസാരിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന സ്ഥലം, കൊറോണ ആയതുകാരണം ഒരുവിധം നാട്ടിലുള്ളവരും, വിദേശത്തുളളവരും എല്ലാം അവൈലബിൾ ആയിരുന്നു. ആ സന്തോഷം കൂടെ മനസ്സിൽ!
ഇനി ഒരു രാത്രികൂടെ! ആ സന്തോഷത്തിൽ ഇരിക്കുമ്പോഴായിരുന്നു ഒരു ഫോൺ കോൾ എന്നെത്തേടി വരുന്നത്. ട്രൂപ് കോളറിൽ തെളിഞ്ഞത് ഹെൽത്ത് ഇൻസ്‌പെക്ടർ എന്നായിരുന്നു, അപ്പഴേ ഒരു നിർഭാഗ്യചിന്ത.
വളരെ സൗമ്യവും മിതവുമായിട്ട് ആ ഓഫീസർ സംസാരിച്ചു "മോനെ,പഞ്ചായത്തു മുഴുവൻ കൊറോണ പടർന്ന് പന്തലിച്ചിരിക്കുകയാണ് . 14 ദിവസത്തിന് ശേഷം ഒരു പ്രേശ്നവുമില്ലാത്തവർക്കുപോലും കൊറോണ വന്നിട്ടുണ്ട്, അതുകൊണ്ടു മോൻ ഒരു ഏഴു ദിവസംകൂടി ക്വാറന്റൈനെ ഇരിക്കണം.
അക്ഷരാർത്ഥത്തിൽ ഭയത്തോടെയും ഉത്തരവാദിത്തബോധത്തോടെയുമുള്ള ഒരു മുന്നറിയിപ്പായിരുന്നു അത്. പക്ഷേ, എന്റെ മനസ്സിൽ അതിന്റെ അർത്ഥം വേറൊരു രൂപത്തിലാണ് പൊട്ടിപ്പുറപ്പെട്ടത് . ഒരു മാസം ഹോസ്പിറ്റലിൽ കിടന്ന് ഒടുവിൽ ‘ഡിസ്ചാർജ്’ എന്ന ആശ്വാസവാക്ക് കേൾക്കുന്ന സമയത്ത് തലയിൽ ഗ്ലൂക്കോസ് സ്റ്റാൻഡ് വീണ്, വീണ്ടും അഡ്മിറ്റാവേണ്ടി വന്ന ഒരാളുടെ അവസ്ഥ പോലെ ഒരു വികാരമാറ്റം.
പക്ഷേ, അന്ന് രാത്രി പന്ത്രണ്ട് മണിക്ക് വാതിലിൽ ഒരു മുട്ട് കേട്ടു. തുറന്നപ്പോൾ എന്റെ "OG ഗ്യാങ്"! ജഹാംഗീർ വിളിച്ചു പറഞ്ഞിരുന്നു - എന്റെ റിസൾട്ട് നെഗറ്റീവ് ആണ്!! അതും പറഞ്ഞു ഒരുമിച്ചു ഒറ്റ പിടുത്തത്തിൽ എന്നെ ഒതുക്കിക്കളഞ്ഞു!.
എത്ര കാലത്തിനു ശേഷമാണ് എല്ലാവരെയും ഒരുമിച്ചു കാണുന്നത് ! !! പക്ഷെ !! പെട്ടെന്നായിരുന്നു ഹെൽത് ഇന്ടപെക്ടർ പറഞ്ഞ കാര്യം എനിക്ക് ഓര്മ വന്നത്, ഞാൻ അവരോട് പറയാനായി തിരിഞ്ഞു നിന്നു. ഞാൻ ക്വാറന്റൈനെ കിടന്ന ബെഡിൽ അവരിരിക്കുന്നു, എനിക്കുവെച്ച ഭക്ഷണം കഴിക്കുന്നു , ഇവരോട് ഞാൻ എന്ത് പറയും ഇനി?പറഞ്ഞിട്ടെന്തിന് ?
അതുകൊണ്ടൊക്കെ പിറ്റേന്ന് ഞാൻ പുറത്തേക്കിറങ്ങി. ആദ്യമായി ഇത്രെയും നാൾ വെറുതെ ഇരുന്നതിനുശേഷം പുറത്തേക്കിറങ്ങുമ്പോൾ ഒരുപാട് കാര്യങ്ങൾ ചെയ്യാനുള്ളത് പോലെ൦. പണ്ട് കാണാതെ വിട്ടതൊക്കെ ശെരിക്കും നോക്കാൻ തോനുന്നു. പ്രകൃതിയുടെ ഭംഗി കൂടുതൽ വെളിച്ചം കൊണ്ടുവരുന്നത് പോലെ. സ്വാതന്ത്രത്തിന്റെ അർത്ഥവും ആവിശ്യകതക്കും പുതിയ മനം വന്നപോലെ. ഒരു തടസ്സത്തിനുശേഷം വീണ്ടും തുടങ്ങാൻ പോകുമ്പോഴുള്ള ആ ഹൃദയകമ്പനം,ഒരു പുതിയ കാലം പിറക്കുന്ന സന്തോഷം പോലെ.
ശുഭം

അഭിപ്രായങ്ങള്‍