Dr കുഞ്ഞാപ്പു MBBS.




DR- KUNJAPPU


ഫുട്ബോൾ കരളും മനസ്സും ഭ്രാന്തുമായിരുന്ന ആ കാലം. ഏഴാം ക്ലാസ്സിലെ ബെഞ്ചിലിരുന്ന് കണക്കുമാഷിന്റെ പീരിയഡിൽ നമ്മൾ സ്വപ്നം കണ്ടിരുന്നത് വിൻസെന്റ് അബൂബക്കറോ കക്കയോ ആകുന്നതിനെക്കുറിച്ചായിരുന്നു.

സ്കൂൾ വിട്ട് വീട്ടിലെത്തി സഞ്ചി ഒരേറ് കൊടുത്ത്, 'അമ്മേ ദാ വരുന്നു' എന്ന് ഒരൊറ്റ നിലവിളിയോടെ ഗ്രൗണ്ടിലേക്ക് വച്ച് പിടിക്കും. നാട്ടിലെ പ്രോ-സീനിയർ കാക്കമാർ അഞ്ചരയ്ക്ക് കളി തുടങ്ങും മുമ്പ് ഞങ്ങളീ 'കുട്ടിപ്പട്ടാളത്തിന്' ഒരു സ്ലോട്ട് ഉണ്ട്, നാലേ മുക്കാൽ മുതൽ അഞ്ചരവരെ . ആ കുറഞ്ഞ സമയത്തിനുള്ളിൽ മെസ്സിയെപ്പോലെ ഡ്രിബിൾ ചെയ്ത് നാട്ടുകാരുടെ ശ്രദ്ധ പിടിച്ചുപറ്റാനാണ് ഞങ്ങളുടെ നെട്ടോട്ടം.

സത്യത്തിൽ ആ സ്ലോട്ട് ഞങ്ങൾക്ക് വെറും കളിയല്ല, ഒരു സെലക്ഷൻ ട്രയൽസ് കൂടിയാണ്. ബൂട്ട് കെട്ടി എല്ലാവരും എത്താൻ കാത്തുനിൽക്കുന്ന ഞങ്ങളുടെ കാക്കമാർ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ക്ലബ് സ്കൗട്ടുകളെപ്പോലെ ഗൗരവത്തിൽ കളി നിരീക്ഷിക്കും. ദ്ദേശ്യം ലളിതമാണ്: അവരുടെ ടീമിൽ ആരെങ്കിലും എന്തെങ്കിലും കാരണംകൊണ്ട് വരാതിരുന്നാൽ പകരം ഇറക്കാൻ പറ്റിയ 'കാരിരുമ്പിന്റെ കരുത്തുള്ള' വല്ല മുതലുകളും ഈ കുട്ടിപ്പട്ടാളത്തിലുണ്ടോ എന്ന് നോക്കൽ.

അതുകൊണ്ടു കയ്യിലെ അസ്ത്രങ്ങളെല്ലാം എടുത്തു കളിക്കുകയും അവരിലെ ടീമിലെ വല്ലവനും വരാതിരിക്കാൻ പ്രാർത്ഥിക്കുകയും ചെയ്തിരുന്ന ഞങ്ങളുടെ പ്രാർത്ഥനകൾ ഫലിച്ച ഒരു ദിവസം അതങ്ങു സംഭവിച്ചു. മീങ്കല്ലെടായി ഇന്റർനാഷണലിന്റെ 'കണ്ണും കരളുമായ' മുഹമ്മദലിക്കു ന്യൂമോണിയ ബാധിച്ചു ഹോസ്പിറ്റലിലാണ് . ഞങ്ങളുടെ കുരുന്നു ഹൃദയങ്ങളിൽ താലപ്പൊലി പൊട്ടി, കാരണം ന്യൂമോണിയ ഒന്നും ഞങളുടെ വിഷയം അല്ലായിരുന്നു അല്ലെങ്കിൽ അതെന്താണെന്നു അറിയില്ലായിരുന്നു.

ആരാവും ആ ഭാഗ്യവാൻ. അങ്ങനെ ആ സമയം വന്നെത്തി. മീങ്കല്ലെടായിലെ രക്ഷാധികാരി ബൈജു, തന്ത നാനി എന്നറിയപ്പെടുന്ന നാണിപ്പ IPL ഓക്ഷൻ അന്നൗൻസ് ചെയ്യുന്ന ആ മീശയില്ലാതെ ആളുടെ അതെ മനോഭാവത്തിൽ മീശയും താടിയുമുഉള്ള നാണിപ്പ ആ പേര് അന്നൗൻസ് ചെയ്തു. "കൊല "

അതെ വാഴക്കുല കച്ചവടക്കാരൻ മുഹമ്മദ്ക്കാന്റെ മോൻ കൊല നൗഷാദ്. ഗർജിച്ചു: "കൊല!"

അതെ, വാഴക്കുല കച്ചവടക്കാരൻ മുഹമ്മദ്‌ക്കാന്റെ മകൻ 'കൊല' നൗഷാദ്. പന്തുമായി വന്ന എതിരാളിയെ മഞ്ഞാലാട്ടയെ പിടിക്കാൻ വെച്ച ചൂണ്ടയിൽ ആഞ്ഞു കൊത്തിയ വാൽ മാക്രിയെപോലെയാക്കി പിടിച്ചു വെച്ച നൗഷാദിന്റെ സ്കില്ലിൽ നാണിപ്പ നേരത്തെ തന്നെ ഒരു കണ്ണ് വെച്ചിരുന്നു. സൂക്ഷമതേടെ പര്യായം. യുവതലമുറയോടുള്ള കരുതൽ.

ലോകകപ്പ് കളിക്കാൻ അവസരം കിട്ടിയ ബംഗ്ലാദേശ് ടീമിനെപ്പോലെ നൗഷാദ് സന്തോഷം കൊണ്ട് തുള്ളിച്ചാടി.

പക്ഷെ ആ ആഘോഷം അതികം നില നിന്നില്ല. പന്തുമായി പാഞ്ഞ വെയിൻ റൂണിയുടെ തുടയുള്ള സൂപ്പർ സ്റ്റുഡിയോ ഹബീബിന്റെ (പണ്ട് സൂപ്പർ സ്റ്റുഡിയോ, ഫിഫ മഞ്ചേരി മത്സരത്തിനിടെ ഗ്രൗഡിലേക്കു കുപ്പിയെറിഞ്ഞതിനു സൂപ്പർ സ്റുഡിയോകാർ എടുത്തിട്ടടിച്ച ഹബീബ് പിന്നെ അറിയപ്പെട്ടത് സൂപ്പർ സ്റ്റുഡിയോ ഹബീബെന്നാണ് ) കാലിനുള്ളി പെട്ടെന്നാണ് വാർത്ത. എട്ടാം മിനിറ്റിൽ നൗഷാദിന്റെ ആവേശം വേദനയായി നിലവിളിച്ചു. കളി തടസ്സപ്പെട്ടു.

അപ്പോഴാണ് നമ്മുടെ കഥാനായകൻ കുഞ്ഞാപ്പു സീനിലേക്ക് വരുന്നത്. അതുവരെ പോസ്റ്റിൽ ചാരി ഗോളിയെന്ന പേരിൽ നിന്നിരുന്ന കുഞ്ഞാപ്പു, ഒരു മാസ്സ് ബി.ജി.എമ്മിന്റെ അകമ്പടിയോടെ നടന്നുവന്നു. കരഞ്ഞുവിളിക്കുന്ന നൗഷാദിന്റെ കാല് തടവിയിരുന്നവരുടെ കൈ തട്ടിമാറ്റി കുഞ്ഞാപ്പു പറഞ്ഞു:"കാലാകാലം ഈ വേദനയും വെച്ചോണ്ട് നടക്കണ്ടെങ്കിൽ കാലിങ്ങോട്ടു താ ചെക്കാ!"

കാലിന്റെ അവസ്ഥ മനസ്സിലാക്കിയ പി.എസ്. വാര്യയറിനെപോലെ ആൾ കാലു തിരുമ്മാൻ തുടങ്ങി. അഞ്ചു മിനിറ്റത്തെ തീവ്രമായ 'രക്ഷാപ്രവർത്തനത്തിന്' ഒടുവിൽ, നൗഷാദിന്റെ കാല് വെള്ളത്തിലിട്ടുവെച്ച കൂരടക്കയെപ്പോലെ വീർത്ത് പൊന്താൻ തുടങ്ങി.

ലുഡോയിലെ ലാസ്റ്റ് കട്ട കേറുന്നത് നോക്കി നിൽക്കുന്ന ആകാംക്ഷയോടെ നിൽക്കുന്ന കാണികളെ നോക്കി കുഞ്ഞാപ്പു വിധിയെഴുതി:"ഇത് എല്ല് പൊട്ടിയിട്ടുണ്ട്, അതാ ഇങ്ങനെ. അല്ലെങ്കിൽ ഞാൻ ശരിയാക്കിയേനെ. വേഗം ഹോസ്പിറ്റലിൽ കൊണ്ടുപോയിക്കോ. എല്ല് പൊട്ടുന്നത് ശരിയാക്കാൻ ഞാൻ ഇതുവരെ പഠിച്ചിട്ടില്ലെടോ..."( മാന്യനാ )

കേട്ട പാതി കേക്കാത്ത പാതി, ഉള്ള ഓട്ടവും കളഞ്ഞു കളിയ്ക്കാൻ വന്ന ബാബുവേട്ടന്റെ കൊട്ടവണ്ടിയിൽ നൗഷാദിനെ കേറ്റി ഒറ്റ പറപ്പിക്കലാ കോട്ടക്കൽ അൽമാസിലേക്കു .

അൽമാസിലെ ഓർത്തോ വിഭാഗം ഡോക്ടർ സൈദാലി ചെമ്മലയുടെ കൺസെൽട്ടിങ് റൂമിലെ ബെഡിൽ കിടക്കുന്ന നൗഷാദും ബാക്കി ഒരു കൊട്ടവണ്ടിയിൽ കൊള്ളാവുന്ന എല്ലാ ടീമംഗങ്ങളും ഡോക്ടറുടേത് ഐ ആം സോറി എന്ന ഡയലോഗ് ആണോന്നറിയാൻ നോക്കിയിരുന്നു .

കാല് പരിശോധിച്ച ഡോക്ടർ ചോദിച്ചു: "ഇതെന്തു പറ്റിതാ, എല്ല് പൊട്ടിയിട്ടുണ്ടല്ലോ?"
വാതിൽക്കൽ ചാരിനിന്ന് കുഞ്ഞാപ്പു ഉടനടി മറുപടി കൊടുത്തു: "കളിച്ചപ്പോ പൊട്ടിയതാ ഡോക്ടറെ!"

പതിറ്റാണ്ടുകളുടെ പരിചയസമ്പത്തുള്ള ഡോക്ടർ ഒന്ന് മൂളിയിട്ട് ആ വലിയ സത്യം വെളിപ്പെടുത്തി: "ഇത് കളിച്ചിട്ട് പൊട്ടിയതല്ല... ഇതാരോ തിരുമ്മി പൊട്ടിച്ചതാണ്! കൂടെ എല്ലിന്റെ സ്ഥാനവും മാറ്റിവെച്ചിട്ടുണ്ട്!"

പെനാൽറ്റി ബോക്സിൽ നടയിൽക്കൂടെ പന്ത് വിട്ട ഗോളിയെ നോക്കുന്നതുപോലെ എല്ലാവരും കുഞ്ഞാപ്പുവിനെ നോക്കി.നൗഷാദ് അപ്പോഴും വെള്ളപ്പൊക്കത്തിൽപെട്ട വാഴപ്പിണ്ടിയെപ്പോലെ കിടക്കുന്ന തന്റെ കാലിലോട്ടു നോക്കിയിരിപ്പായിരുന്നു.

അഭിപ്രായങ്ങള്‍