ഒരു ദിവസം, പുതിയ കാറുമായി ബാബുവും കൂട്ടുകാരൻ നജീബും വയനാടൻ ചുരം കയറുകയായിരുന്നു. ഗൾഫിൽ നിന്ന് പഠിച്ചെടുത്ത ഡ്രൈവിംഗ് ശൈലിയിൽ വലതുവശത്തുകൂടി ഓവർടേക്ക് ചെയ്യാനുള്ള ബാബുവിൻ്റെ ശ്രമം ഒരു പാവപ്പെട്ട മനുഷ്യൻ്റെ സ്കൂട്ടറിലൊരു 'പ്രേമലേഖനം' എഴുതിക്കൊണ്ട് അവസാനിച്ചു.
വണ്ടി നന്നാക്കാൻ 2000 രൂപ ചോദിച്ച ആ പാവത്തോട് ബാബു "എന്നാ താൻ പോയി കേസ് കൊട്!" എന്ന് പറഞ്ഞു എന്നാണ് കൂട്ടുപോയ നജീബ് പറഞ്ഞറിഞ്ഞത് (അബു സലിംക്ക പറഞ്ഞതുപോലെ കാശിൻ്റെ കഴപ്പ്)..
ബാബുവിൻ്റെ പുത്തൻ കാർ വീട്ടിലെത്തി ഏഴാം ദിവസം, കൽപറ്റ കോർട്ടിൽ നിന്ന് ഒരു നോട്ടീസ് വന്നു. ബാബുവിൻ്റെ വണ്ടിയിടിച്ച് 'ഉമ്മ' കൊടുത്ത മനുഷ്യൻ കേസ് കൊടുത്തു!
അതോടെ, ബാബുവിന് എല്ലാ മാസവും വയനാട്ടിലേക്ക് നിർബന്ധിത ടൂർ. ഗോവിന്ദ ചാമി ജയിൽ ചാടിയതിനെക്കാളും എളുപ്പത്തിൽ നമ്മുടെ കോടതി കേസ് അടുത്തടുത്ത ദിവസങ്ങളിലേക്ക് മാറ്റിക്കൊണ്ട് പോയി.
ഈ നിരന്തരമായ യാത്രകളും കോടതി കയറിയിറങ്ങലുകളും ബാബുവിനെ വല്ലാതെ ക്ഷീണിപ്പിച്ചു. ഒടുവിൽ അവൻ കോംപ്രമൈസ് ചെയ്യാൻ തീരുമാനിച്ചു.
2000 രൂപ ചോദിച്ച ആ 'പാവത്താൻ' ഇത്തവണ വലിയൊരു തുകയാണ് ആവശ്യപ്പെട്ടത്. 20000 രൂപയിൽ നിന്ന് ഒരു നയാപൈസ പോലും കുറയില്ലെന്ന് അയാൾ ഉറപ്പിച്ചു പറഞ്ഞു.(അത്ര പാവമൊന്നും അല്ലായിരുന്നു കക്ഷി).
അങ്ങനെ, 2000 രൂപയിൽ തീരേണ്ടിയിരുന്ന കേസ് 20,000 രൂപയും, എണ്ണക്കാശും, വക്കീൽ ഫീസുമടക്കം വലിയൊരു തുകയിൽ അവസാനിച്ചു.
തന്നെ ഇത്രയും സഹായിച്ച തന്റെ പുത്രനെ നോക്കി കാദർക്ക ഇങ്ങനെ മൊഴിഞ്ഞു.
"വല്ല സെക്കൻഡ് ഷോയ്ക്കും പോയാൽ മതിയായിരുന്നു".