തിലോത്തമ്മയുടെ തിരോധാനം

ഒരു ഓണകാലത്തിനു ഒരാഴ്ച മുമ്പാണ് നമ്മുടെ ഈ കഥ നടക്കുന്നത്. രാവിലെ പുതുപ്പറമ്പ് ധ്വാരക വീട്ടിലേക്കാണ് നമ്മുടെ ക്യാമറ തിരിയുന്നത്. ധ്വാരക വീട് അടിച്ചു വൃത്തിയാക്കുന്ന ജാനകിചേച്ചിയാണ് സ്ക്രീനിൽ, ഓണത്തിന് കുടുംബക്കാർ വരുമ്പോൾ വെടിപ്പും വൃത്തിയുമായി തന്റെ വീട് കാണണം, അതാണ് മൂപ്പത്തിയാരുടെ ലക്ഷ്യം.

പിറുപിറുത്തുകൊണ്ടാണ് ജാനകിച്ചേച്ചി വീട് വൃത്തിയാക്കുന്നത്, അവരുടെ വാക്കുകളിലേക്ക് പോയാൽ നമുക്ക് മനസ്സിലാകും പിറുപിറുക്കുന്നത് സ്വന്തം മോളെക്കുറിച്ചാണെന്നു.

"ആദ്യത്തേത് പെണ്കുട്ടിയാണെന്നറിഞ്ഞപ്പോ എല്ലാരും പറഞ്ഞു, ജാനകിചേച്ചിയുടെ ഭാഗ്യം,ഇങ്ങക്ക് കൂട്ടിനൊരാളായല്ലോന്നു, പക്ഷെ ദൈവം സഹായിച്ചു എനിക്ക് കിട്ടിയ സാദനം കുനിഞ്ഞു നിലത്തൂന്നു ഒരു മുള്ളെടുക്കാൻ പോലും മടിയുള്ള ഒരുമ്പെട്ടോളെ ആണെല്ലോ ദൈവമേ" ചെയ്തുകൊണ്ടിരുന്ന പണിനിർത്തി ജാനകിച്ചേച്ചി പിറുപിറുക്കൽ തുടർന്ന് "ഇന്ന് ഓൾടെ അവസാനാണ്, ഓളെക്കൊണ്ട് പണി എടുപ്പിക്കാൻ പറ്റൊന്നു ഞാൻ ഒന്ന് നോക്കട്ടെ"

ഇതും പറഞ്ഞോണ്ട് അവർ , ചായേം കുടി കഴിഞ്ഞു പിന്നേം പോയി കിടന്നുറങ്ങിയ തന്റെ മോളുടെ റൂമിലേക്കാണ് നടന്നത്. മൂടിപ്പുതച്ചു കിടന്നുറങ്ങുന്ന നമ്മുടെ നായികയുടെ മുടി മാത്രം പുറത്തുകാണാം ജാനകിചേച്ചി കയ്യിലുള്ള ചൂലുകൊണ്ടു ഒരടികൊടുത്തു. ഞെട്ടിയുണരുന്ന തിലോത്തമ സ്‌ക്രീനിൽ.

"ഈശ്വര വല്ലോരും കണ്ടോണ്ടെങ്ങാനും വന്നാൽ ന്റെ ദൈവമേ, കിടക്കുന്ന സ്വന്തം കിടക്ക ഒന്ന് വെയിലത്തിടാൻ പറഞ്ഞിട്ടുപോലും ചെയ്യാതെ അതിൽത്തന്നെ മൂടിപ്പുതച്ചു കെടന്നുറങ്ങാന് ഒരുമ്പെട്ടോള്. വെടിപ്പും വൃത്തിയുമില്ലാത്ത ഒരു സാദനം, മര്യാദക്ക് എണീറ്റുവന്നു എന്നെ വല്ല പണിയും ചെയ്തോ അല്ലേൽ നിന്റെ അവസാനാണ് ഇന്ന്" കെട്ടഴിച്ചുവിട്ട മുടിയും പകുതി കണ്ണും തുറന്ന് തിലോത്തമ അമ്മയെ സഹായിക്കാൻ വന്നു.

ദേഷ്യത്തോടെ പുറത്തേക്ക് വന്ന തോലോത്തമയുടെ കൈ തട്ടി ഒരു കുപ്പി അതാ നിലത്തു വീണു ചന്നം പിന്നം പൊട്ടിത്തെറിക്കുന്നു. അല്ലേലും ഒരു പണിയും എടുക്കാത്തോര് പണി എടുത്താൽ ഇരട്ടിപ്പണി ആകുമെന്നാണ് പറയാറ് . അത് തന്നെ സംഭവിച്ചു.

എന്നും മാട്ട ബ്രാണ്ടി മാത്രം അടിക്കാറുള്ള ജാനകിചേച്ചിയുടെ ഭർത്താവ് രാഘവേട്ടൻ തനിക്കു ആദ്യമായി അടിച്ച ലോട്ടെറിപൈസകൊണ്ട് വാങ്ങിയ ശിവാസ് റീഗലിൽ ലിമിറ്റഡ് എഡിഷൻ കുപ്പിയിൽ ച്ചേച്ചി പെയിന്റ്ൽ തീർത്ത കലാരൂപമായിരുന്നു അരിഞ്ഞ തേങ്ങാ പൂളുപോലെ നിലത്തു കിടന്നിരുന്നത്.

ഉഗ്രരൂപം പൂണ്ട ജാനകിച്ചേച്ചി തിലോത്തമയെ കയ്യിൽ കിട്ടിയ ചൂലുകൊണ്ടു തന്നെ ഒന്ന് വെച്ചുകൊടുത്തു(ഹൌ ഈസ് ദാറ്റ്) . ആദ്യ ബൗളിൽ തന്നെ ഔട്ടായ ഓപ്പണിങ് ബാറ്സ്മാനെ പോലെ തിലു ഒരു കലിപ്പ് ലൂക്കും കൊടുത്തുകൊണ്ട് നടന്നു റൂമിലോട്ടു ഒരു പോക്ക്‌ . തിലോത്തമ ബന്നൊരു പാക്ക്.

ഉഗ്രരൂപിണി,ഉഗ്രരൂപസ്യ മുഖമാലെ ജാനകിച്ചേച്ചി അവൾ കേൾക്കെതന്നെ വീണ്ടും പറഞ്ഞു "പൊക്കോ,പൊക്കോ,ഇപ്പൊ നിനക്കൊരു കാരണം ആയല്ലോ പോകാൻ"

ഒരു ഉച്ച ഉച്ചര ഉച്ചേമുക്കാൽ സമയം. ജാനകിചേച്ചിയുടെ അയൽവാസികളായ അബൂബക്കറും സൈനാത്തയും ഉറക്കെയുള്ള ജാനകിചേച്ചിയുടെ നിലവിളിയാണ് പിന്നീട് കേൾക്കുന്നത്. രണ്ടാളും നിലവിളി ശബ്ദമിട്ട ജാനകിചേച്ചിയുടെ വീട്ടിലേക്കു നേരം തെറ്റിയ KSRTC ബസ്‌പോലെ ഓടി.

നെഞ്ചത്ത് കൈ വെച്ച് കരയുന്ന ജാനകിചേച്ചിയേം അവരെ ആശ്വസിപ്പിക്കുന്ന രാഘവേട്ടന്റെയും കാണാം. മകൻ അനൂപ് അവിടെ ഒന്നും നടന്നില്ല എന്നമട്ടിൽ ഫോണിൽ കളിച്ചോണ്ട് ഇരിപ്പുണ്ട്. ഇവരെ കണ്ട ഉടനെ നിലവിളിച്ചുകൊണ്ട് തന്നെ ജാനകിച്ചേച്ചി പറഞ്ഞു, ന്റെ സൈനാ തിലോത്തമ്മയെ കാണാനില്ലെടി. രാവിലെ മുതൽ ഇത്രേം നേരം തിരഞ്ഞു. ഒളെവിടെ പോയീന്നു ഒരു വിവരോം ഇല്ലെടീ. രാഘവേട്ടനെ കുറച്ചങ്ങോട്ടു വിളിച്ചു ബക്കർക്ക ചോദിച്ചു "എല്ലായിടത്തും നോക്കീന്നു ഉറപ്പാണോ രാഘവ". "എല്ലയിടത്തും നോക്കിന്റെ ബക്കറെ, ഞാനും അനൂപും ഇവളുംകൂടെ ആട്ടിന്കൂടിലടക്കം നോക്കി, കുടുംബക്കാരേം വിളിച്ചു നോക്കി, എവിടേം ഇല്ല "

ജാനകി ഉണ്ടായ കഥയൊക്കെ സൈനുവിനോട് പറഞ്ഞു. എന്നിട്ടൊരു ഏറ്റു പറച്ചിലുംകൂടെ നടപ്പാക്കി "ഒരൊറ്റ അടിയേ അടിച്ചിട്ടൊല്ലെടി ന്റെ മോളെ. അതിനാണോ ഇവൾ നാടുവിട്ടു പോയെ ന്റെ ദൈവമേ" രാഘവേട്ടൻ ജാനകിചേച്ചിയോടു പൊട്ടിത്തെറിച്ചു.

"അപ്പൊ നീ അങ്ങു ഉറപ്പിച്ചോടി അവൾ നാടുവിട്ടു പോയതാണെന്ന്" ന്നിട്ട് ബക്കറിക്കാനോടായിട്ടു പറഞ്ഞു "

ഡാ ബക്കറെ നിനക്കറിയോ ഇവളുടെ ഒറ്റ അടീന്ന് പറഞ്ഞ ഒരു ക്വിന്റൽ വെയിറ്റാണ്, എന്നിട്ടു ഒരെറ്റ അടിയേ അടിച്ചൊള്ളുന്നു "

ഇപ്പഴും കിട്ടാറുണ്ടല്ലേ എന്ന ഭാവത്തോടെ ബക്കർക്ക രാഘവേട്ടനെ ഒരു നോട്ടം നോക്കി അതെ എന്ന ഭാവത്തിൽ രാഘവേട്ടൻ തിരിച്ചും നോക്കി. ജാനകിചേച്ചി സൈറൺ അപ്പഴും ഓഫ് ആക്കിയിട്ടുണ്ടായിരുന്നില്ല "ഇനി അവളെങ്ങാനും വല്ല കടുംകൈയും ചെയ്തത് കാണുമോ ദൈവമേ"

"ഇയ്യൊന്നു പേടിക്കാതിരിന്റെ ജാനൂ , ഓളെവിടേം പോവില്ല ഇവിടെ എവിടേലും ഒക്കെത്തന്നെ ഇണ്ടാകും" സൈനാത്ത ആശ്വസിപ്പിച്ചു. "ഇൻക് ന്റെ മോൾ ജീവനോടെ ഉണ്ടെന്നൊന്നു അറിഞ്ഞ മതി ന്റെ ദൈവമേ , എനിക്ക് ഓളെ ഒന്ന് കണ്ടാ മതി, ഇനി ന്റെ പെണ്ണിനെ ഞാൻ അടിക്കൂല. ഒന്ന് ഓളെ കണ്ടു പിടിച്ചു തരണേ ന്റെ കുറുമ്പക്കാവ് ദേവിയെ."


ജാനകേച്ചി ദൈവത്തിന്റെ കരുണക്കു വേണ്ടി കൈകൾ കൂപ്പി. അബ്ദു രാഘവേട്ടനെ കുറച്ചുടെ അപ്പുറത്തേക്ക് വിളിച്ചിട്ടു ചോദിച്ചു. "അല്ല രാഘവ ഓള് നാടുവിട്ടതാണെന്ന് ആനക്കുറപ്പാണോ".

"അറിഞ്ഞൂട ന്റെ ബക്കറെ എനിക്കാണേൽ ഒരു എത്തും പിടീം കിട്ടുന്നില്ല" രാഘവേട്ടൻ സംഭ്രമത്തോടെ പറഞ്ഞു.

ഇന്നലെ കണ്ട കുറ്റാന്വേഷണ സിനിമയുടെ ഹാങ്ങോവറിൽ ബക്കർക്ക ആ കാര്യം ഉറപ്പിച്ചു. "രാഘവ അപ്പൊ ഇത് അത് തന്നെയാ"

സംശയത്തോടെ രാഘവേട്ടൻ ചോദിച്ചു "എന്ത്.

"ഒളിച്ചോട്ടം" (ആഹാ ഫ്രഷ്)

ബക്കാർക്കാനേ അടിമുടി നോക്കിയിട്ട് രാഘവേട്ടൻ ഭ്രൂട്ടെസെ എന്ന ഭാവത്തോടെ ഒന്ന് അമറി . "ബക്കറെ..."

"പിന്നെ ഓളുടെ അടികൊണ്ടിട്ടു അന്റെ മോള് നാടുവിട്ടോന്നാണോ ഇയ്യ്‌ വിചാരിക്കണേ, അങ്ങനാണേൽ ഇയ്യൊക്കെ നാടല്ല രാജ്യം തന്നെ വിട്ടുണ്ടാവില്ലേ ന്റെ രാഘവാ"

ബക്കർ ആ പറഞ്ഞത് ശെരിയാണല്ലോ എന്ന ഭാവത്തോടെ രാഘവേട്ടൻ തലകുലുക്കി.

"പോലീസിലൊന്നും ഇപ്പൊ പറയണ്ട, അങ്ങനെ എങ്ങാനും ആണേൽ നാണക്കേടാ, ഞമ്മക്ക് ഒന്നൂടെ ഒന്ന് അന്വേഷിക്ക " ബക്കർക്ക വീണ്ടും ചോദിച്ചു "ഓള്‌ ഫോൺ കൊണ്ട് പോയിട്ടുണ്ടോ"

"ഇല്ല"

"അതാണ് , ഇപ്പഴത്തെ പിള്ളേർ ഒളിച്ചു ഓടുമ്പോ ഫോൺ കൊണ്ടാവാറില്ല, ട്രാക്ക് ചെയ്യുമെന്ന് ഓർക്കറിയാം". യെജ്ജാതി.

അടിമുടി ബക്കറിനെ നോക്കീട്ടു രാഘവേട്ടൻ ചോദിച്ചു "അല്ല ബക്കറെ അന്റെ രണ്ടു മക്കളുടേം ചെക്കന്മാരെ ഇയ്യും ഓളുംകൂടെത്തന്നെയല്ലേ കണ്ടെത്തിയേ?"

"അതെന്താ രാഘവ അങ്ങനൊരു ടോക്ക്"

"അല്ല ഇത്ര ആധികാരികതയോടെ പറയുന്നോണ്ടു ചോദിച്ചതാ"

ബക്കർക്ക തുടർന്നു "എടാ ഇതൊക്കെ ആർക്കാ അറിയാത്തെ,ഇതാണ് അന്നോടെപ്പഴും ഞാൻ സിനിമ കാണാനും ചുരുങ്ങിയത് പത്രം വായിക്കാനെങ്കിലും പറയുന്നത്. ഡെയിലി ഇപ്പൊ ഇതൊക്കെത്തന്നെയല്ലേ നടക്കുന്നെ , ഇയ്യ്‌ ഓൾഡ് ഫോൺ ഒന്നെടുക്ക് നമുക്ക് നോക്ക"

രാഘവേട്ടൻ അനൂപിനോട് ഫോൺ എടുത്തു കൊണ്ടുവരാനായിട്ടു പറഞ്ഞു. പക്ഷെ ഇതൊന്നും കേൾക്കാതെ അനൂപ് ഫോണിൽ Pubg കളിചോണ്ടിരിക്കുകയായിരുന്നു.

രാഘവേട്ടൻ അനൂപിനെ ഒന്ന് നോക്കി, എന്നിട്ടൊരു അലറൽ "എടാ മരക്കഴുതേ ഫോൺ എടുത്തോണ്ട് വാടാ ഓൾടെ. പൊര കത്തുമ്പോ അവിടെ പന്തളം സുധാകരന്റെ ഗാനമേള"

തന്റെ കോണ്സെന്ട്രേഷൻ കളഞ്ഞ അച്ഛനെ ഒരു നോക്ക് വെച്ച് കൊടുത്തു ചെക്കൻ ഫോൺ എടുത്തോണ്ട് വന്നു. മച്ചാൻ പിന്നേം PubG തുടർന്ന് . അല്ലേലും മരംകൊതിക്കെന്തു ഗ്ലോബൽ വാർമിംഗ്.

ഫോണിൽനിന്ന് എന്തേലും കിട്ടുമെന്ന് വിചാരിച്ച രണ്ടാളെയും ആസ് ആക്കികൊണ്ടു ഫോൺ പറഞ്ഞു- മോനെ ഇങ്ങു പോര് ഇത് ലോക്ക. അപ്പോഴാണ് ബക്കർക്ക ആ കാര്യം ശ്രെദ്ദിച്ചത്. മുകളിൽ പോപ്പ് അപ്പ് ആയികിടക്കുന്ന രണ്ടു ഇൻസ്റ്റഗ്രാം മെസ്സേജസ്. ആർക്കിയോളജി ഡിപ്പാർട്മെന്റുകാർക്കു കൊടക്കല്ല് കിട്ടിയപോലെ ബക്കർക്ക ആ മെസ്സേജസ് രാഘവേട്ടന് നേരെ നീട്ടി. രാഘവേട്ടൻ ആ രണ്ടു മെസ്സേജുകളും പെറുക്കിയെടുത്തു വായിച്ചു.

"അപ്പൊ ശെരി "

"എല്ലാം പറഞ്ഞ പോലെ"

ഈ രണ്ടു ടെക്സ്റ്റ്കൾ ഫോണിലെ ലോക്ക് സ്‌ക്രീനിൽ തെളിഞ്ഞു നിന്നു. അതിൽ മറ്റൊന്നും കൂടെ ഇണ്ടായിരുന്നു, മെസ്സേജ് അയച്ച ആളുടെ ഇൻസ്റ്റഗ്രാം ഐഡി- The_ boxer_Sabu

രാഘവേട്ടൻ ഒന്നൂടെ ആ പേര് വായിച്ചു The_ boxer_Sabu

"ഇതാരാണെന്നു എങ്ങനെയാ കണ്ടു പിടിക്ക ന്റെ ബക്കറെ"

ഫോണിൽന്ന് തലയെടുക്കാതെ തന്നെ അനൂപ് പറഞ്ഞു "അത് ചേച്ചിയുടെ ക്ലാസ്സിലുള്ള സാബു മോന്റെ ഐഡിയാണ്. 3 ഫിംഗർ പ്ലെയറാ , പബ് ജി Pro ആണ്, വേറെ ലെവൽ "

ലാസ്‌റ് പറഞ്ഞതെന്താണ് രണ്ടാൾക്കും മനസ്സിലായില്ലെങ്കിലും രാഘവേട്ടന് ആളെ പിടികിട്ടി. ലൈൻ മാൻ കുഞ്ഞുമോന്റെ മോൻ സാബുമോൻ . 2002 വേൾഡ് കപ്പ് ഫൈനൽ മത്സരത്തിൽ കറന്റ് പോയപ്പോൾ ലൈൻമാൻ കുഞ്ഞുമോനെ അടിക്കാൻ പഴയ ബ്രസീൽ ഫാൻ രാഘവേട്ടനും ഇണ്ടായിരുന്നു- ആ അടി തിരിച്ചടിച്ചതാണോ എന്നൊരു ഡൌട്ട് പോലും മൂപ്പർക്കുണ്ടായി.

ബക്കറെ നമ്മുടെ ലൈന്മാൻ കുഞ്ഞുമോന്റെ മോനാ ഈ സാബുമോൻ. കരച്ചിൽ നിർത്തിക്കൊണ്ട് ജാനകിയമ്മ ചോദിച്ചു "അവനാണോ ന്റെ മോളെ തട്ടിക്കൊണ്ടു പോയെ"

"അവൻ നമ്മുടെ മോളെയാണോ അതോ നമ്മുടെ മോള് ഓനെയാണോ തട്ടിക്കോണ്ടു പോയെന്നൊക്കെ ഓനെ കിട്ടിയിട്ട് പറയാ "

കുറച്ചു നേരത്തേക്ക് നിർത്തിയ നിലവിളി ശംബ്ദം പിന്നേം ഇട്ടുകൊണ്ട് ജാനകിച്ചേച്ചി പറഞ്ഞു "അങ്ങനെ എങ്ങാനും ആണേൽ പിന്നെ ഓൾടെ അവസാനായിരിക്കും"

കുറച്ചു നേരത്തെ ഇൻക് ന്റെ മോളെ ഒന്ന് കണ്ട മതിയെന്ന് പറഞ്ഞ ജാനകിചേച്ചിയുടെ മനംമാറ്റം കണ്ടു സൈനാത്ത വരെ അന്താളിച്ചുപോയി. പ്രബഞ്ചത്തിലെ പോരാളി യുദ്ധഭൂമിയിലേക്ക്.

പഞ്ചായത്തു തിരഞ്ഞെടുപ്പിൽ നിന്ന് തോറ്റതാണെങ്കിലും രണ്ടേ രണ്ടു കോൾ കൊണ്ട് ബക്കർക്ക സാബുമോനെ രാഘവേട്ടന്റെ മുറ്റത്തു എത്തിച്ചു പൊളിറ്റീഷ്യന് ന്ന സുമ്മാവാ.

ബൈക്കിൽ വന്നിറങ്ങിയ സാബുമോൻ വീട്ടിലേക്കു കയറിവന്നു, എല്ലാവരുടെയും നോട്ടം സ്ലോ മോഷനിൽ സാബുവിലേക്ക്. അനൂപ് പക്ഷെ ചിക്കൻ ഡിന്നർ അടിക്കാനുള്ള തിരക്കിലായതിനാൽ നോക്കാൻ നിന്നില്ല- തികച്ചും സ്വാഭാവികം.

സാബുമോൻ നേരെ ബക്കർക്കന്റെ അടുത്തേക്കായിരുന്നു വന്നത് എന്നിട്ടു നായകൻ തന്റെ ആദ്യ ഡയലോഗ് പൊട്ടിച്ചു "ന്താ ബക്കർക്ക വിളിപ്പിച്ചെ". പറയുന്നത് മുഴുവനാക്കാൻ നിക്കാതെ രഘവേട്ടൻ സാബുവിന്റെ കോളറിൽ പിടിച്ചു ഒരൊറ്റ അലർച്ച

"എവിടെടാ എന്റെ മോള്" .ഒരച്ഛന്റെ രോദനം.

മുനികുമാരനോട് കൊറോണ വാക്‌സിന്റെ കാര്യം പറഞ്ഞപോലെ ഒന്നും മനസ്സിലാകാതെ സാബു വണ്ടർ അടിച്ചുനിന്നു.

രാഘവേട്ടന്റെ കൈ കോളറിൽ നിന്നെടുത്തു ബക്കർക്ക സാബുമോനോട് ചോദിച്ചു "മോനെ തിലോത്തമ എവിടെയുണ്ടെന്ന് ഇയ്യ്‌ ഞങ്ങളോട് പറ,ന്തേലും ഉണ്ടേൽ ബക്കർക്ക സംസാരിച്ചിട്ട് നിങ്ങടെ കല്യാണം നടത്തിത്തരാം "

"ബക്കറെ" രാഘവേട്ടൻ സൗണ്ട് ഇടറിക്കൊണ്ട് ഒരു വിളി

"ചുമ്മാ" ബക്കർക്കന്റെ കണ്ണ് ചിമ്മിയുള്ള ഉത്തരം.

സബ്‌ടൈറ്റിൽ ഇല്ലാതെ കൊറിയൻ പടം കാണുന്നപോലെ സാബു അപ്പഴും മിഴിച്ചു നിൽക്കുകയായിരുന്നു.

ബക്കർക്ക തുടർന്ന് "പറ മോനെ എവിടെ തിലോത്തമ"

തോളിൽ വെച്ച കൈ തട്ടിമാറ്റികൊണ്ടു സാബു ചോദിച്ചു "അല്ല അപ്പൊ ഓളെവിടെ പോയി" (ദേ കിടക്കുന്നു കിണ്ടിയും വെള്ളവും)

"അതല്ലെടാ കുരിപ്പേ ഞങൾ അന്നോട് ചോദിക്കുന്നെ, രാവിലെ മുതൽ ഓളെ കാണാനില്ല" ക്ഷമ വിട്ട ബക്കറിക്കയും അലറി

വണ്ടർ വിട്ടു ഊട്ടായ സാബു അവരോടായിട്ടു ആ ഒന്നൊന്നര ചോദ്യം ചോദിച്ചു

"പാടത്തു മീൻ പിടിച്ചോണ്ടിരുന്ന എനിക്കെങ്ങനാ ഓളെവിടെ പോയതാണ് അറിയ, ഞാൻ ആണേൽ 11 മണി കഴിയാതെ എണീക്കാറുപോലുമില്ല " സത്യം.

രാഘവേട്ടനും ബക്കർക്കയും പരസ്പരം നോക്കി .

"എടുക്കെടാ അന്റെ ഫോൺ ഓൺ ആക്കെടാ റീൽസ്" ബക്കർക്ക വീണ്ടും അലറി.

"ഇവിടെ ഇങ്ങനെ ഒരു പ്രെശ്നം നടന്നിട്ടും ങ്ങൾ റീൽസ് ചെയ്യാനിരിക്കാണോ ബക്കർക്ക" സാബുവിന്റെ ന്യായമായ ചോദ്യം .

"ഇയ്യ്‌ ഓൾക് മെസ്സേജ് അയക്കാറില്ലേ ആ കുത്രണ്ടാം എടുക്കാനാണ് പറഞ്ഞത്"

"ഓഹ് ഇൻസ്റ്റഗ്രാം"

"ആ ആ ഗ്രാമം തന്നെ ഓണാക്കെടോ അത്, കാണിച്ചു താടാ എന്നിട്ട് ഇയ്യോൽക്കയച്ച മെസ്സേജ് "

ഒരു ചമ്മൽ മുഖത്തു ഫിറ്റ് ചെയ്തു Thilu_TheAngryBird എന്ന തിലോത്തമയുടെ ഇൻസ്റാഗ്രാമിലേക്കയച്ച മെസ്സേജ് തുറന്നുകാണിക്കുന്ന സാബു. രാഘവേട്ടനും ബക്കർക്കയും അങ്ങനെ ആദ്യമായിട്ട് ഒരു ഇൻസ്റ്റഗ്രാം മെസ്സേജ് വായിച്ചു

The _ boxer_Sabu V/S Thilu_TheAngryBird: സാബു അയച്ച കൊറേ ഹായ്,ഹായ് മെസ്സേജുകൾ ഫോണിന്റെ ഡിസ്‌പ്ലേയിലൂടെ നമ്മളിലേക്കു The _ boxer_Sabu : ഇന്നലെ ഇട്ട മഞ്ഞച്ചുരിദാർ നല്ല ബാംഗിയുണ്ടായിരുന്നു Thilu_TheAngryBird: പോയി പണി നോക്കെടാ നാറി, ഉളു പ്പില്ലാത്തോൻ ,ആംഗ്രി ബേർഡ് തന്നെ. the_ boxer_sabu : അപ്പൊ ശെരി, എല്ലാം പറഞ്ഞ പോലെ" പ്രൊ അല്ല പ്രൊ മാക്സ് കോഴി.

ബക്കർക്കയും രാഘവേട്ടനും പരസ്പരം ഒരു നോട്ടം നോക്കി രാഘവേട്ടൻ ബക്കർക്കാനോടായിട്ട്.

"അല്ലേലും ഇന്റെ മോൾ ഈ കിഴങ്ങന്റെ കൂടെയൊന്നും ഒളിച്ചോടൂലായിരുന്നെന്നു എനിക്കുറപ്പായിരുന്നു"

"നാട്ടുകാർക് സാബുവാണെലും ഷാരുഖാന് ആണേലും ഒളിച്ചോടിയാൽ അത് ഒളിച്ചോട്ടം തന്നെയാ ന്റെ രാഘവാ "

ബക്കർക്കാന്റെ കൌണ്ടർ, എന്നിട്ടു സാബുവിന്റെ മുഖത്തേക്ക് നോക്കിയിട്ടു മൂപ്പര് വേറൊരു ചോദ്യംകൂടെ ചോദിച്ചു.

ഈ വെള്ളപ്പൊക്കത്തില് പൊന്തിക്കിടക്കുന്ന ചുള്ളികമ്പുപോലുള്ള അനക്ക് ആരാടാ BOXER സാബൂന്നു പേരിട്ടെ. (മൂപ്പർക്ക് പൊളിറ്റിക്കൽ കറക്ട്നെസ്സ് ന്താന്നറിയില്ലാന്ന് തോനുന്നു)

പുറത്തു നിർത്തിയിട്ടിരിക്കുന്ന തന്റെ ബജാജ് ബോക്സർ ബൈക്ക് കാണിച്ചോണ്ടു സാബു പറഞ്ഞു "ന്റെ ബോക്സർ ബൈക്ക് കണ്ടഇങ്ങള്.


ബോക്സർ ബൈക്കൊണ്ടു നടക്കുന്ന സാബു ബോക്സർ സാബു" (ന്യായം) "മ്മളെന്തു ചെയ്യുന്റെ ചേട്ടാ" ജാനകിച്ചേച്ചി രഘവേട്ടനോട് ചോദിച്ചു.

"എന്ത് ചെയ്യാനാ പോലീസിൽ പറയണം അത് തന്നെ , ഇയ്യ്‌ ന്റെ ആ ഷർട്ടൊന്നെടുക്ക് " രാഘവേട്ടൻ അവസാനം ആ തീരുമാനത്തിൽ എത്തിയിരുന്നു.

"അത് തന്നെയാ നല്ലത് രാഘവ, വാ മ്മക്ക് പോയിട്ട് വരാം"

ദയനീയ ഭാവത്തോടെ ബക്കർക്കാനേ നോക്കുന്ന രാഘവേട്ടൻ .അവസാനം കുറ്റ സമ്മതം നടത്തിയതല്ലേ.

അങ്ങനെ രാഘവേട്ടനും ബക്കർക്കായുംകൂടെ പോലീസ് സ്റ്റേഷനിൽ പോവാനായിട്ടിറങ്ങി ,അവരെ യാത്രയാക്കാൻ നിക്കുന്ന ജാനകിയേച്ചിയും സൈനുത്തായും,കൂടെ നിരപരാതിത്യം തെളിയിക്കപ്പെട്ട നമ്മുടെ സാബുവും. അനൂപാണേൽ,ഓഹ് അത് വിട്ടേക്ക് (കുറച്ചു എണ്ണയൊഴിച്ചു തിരിയിട്ടാൽ വിളക്കായിട്ടു ഉപയോഗിക്കാം).

അങ്ങനെ പോവാനായിട്ടു കാലെടുത്തു വെച്ചപ്പോൾ വീടിന്റെ ഉള്ളിലെ ഇരുട്ടിൽ നിന്നും ഒരു ശബ്ദം

"അമ്മെ ചായ"

ഒരു ഞെട്ടലോടെ എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു

"തിലോത്തമ"

അതെ, രാവിലെ കണ്ട അതെ ഭാവത്തിൽ കണ്ണും തിരുമ്മിക്കൊണ്ട് കോട്ടവാതിലിന്റെ വലിപ്പമുള്ള കോട്ടുവായുടെ അകമ്പടിയോടെ വരുന്ന നമ്മുടെ നായിക തിലോത്തമ.

ഒരഞ്ചു സെക്കന്റ് നീണ്ടുനിന്ന ഞെട്ടലിൽനിന്ന് മോചിതയായ അവരിൽനിന്നും ആദ്യത്തെ ശബ്ദം ഉയർന്നു. അതെ നമ്മുടെ ജാനകിച്ചേച്ചി അലറിച്ചോദിച്ചു "എവിടെയായിരുന്നീടി ഒരുമ്പെട്ടോളെ ഇയ്യ്‌"

"ഞാൻ മുകളിൽ ഉണക്കാനിട്ട ബെഡിൽ കിടന്നു അറിയാതെ ഉറങ്ങി പോയി അമ്മെ"

ഒരു ഞെട്ടൽ കൂടെ ഒരു ഫ്ളാഷ്ബാക്കും. ഫ്ലാഷ്ബാക്കിലേക്ക് നമ്മൾ. അമ്മയുടെ അടിയും വാങ്ങി റൂമിലേക്ക് പോകുന്ന തിലോത്തമ. അടുക്കളയിലോട്ടു പോകുന്ന ജാനകിചേച്ചിയും, റൂമിൽ ചെന്ന് പണി എടുക്കാതെ രക്ഷപ്പെട്ട സന്തോഷത്തിൽ തന്റെ കിടക്കയെടുത്തു ഉണക്കാൻ ടെറസിലേക്കു പോകുന്ന തിലോത്തമ.

ടെറസിലെത്തി തന്റെ കിടക്ക അവിടെ ഇട്ടു അതിലേക്കു ചാടികിടക്കുന്ന തിലോത്തമ,താഴെ പോയിട്ട് അത്യാവശ്യമൊന്നുമില്ലല്ലോ, വെയിൽ അടിച്ചോണ്ടു അപ്പുറത്തു ആദ്യമേ ഇട്ടിരുന്ന കിടക്ക തനറെ മുകളിലേക്ക് വെക്കുന്നു (ഫ്ലാഷ്ബാക്ക് കട്ട്)

പ്രെസെന്റിലേക്ക് ബക്കർക്ക: ആട്ടിന്കൂട്ടിൽ വരെ നോക്കിയ ഇയ്യ്‌ അന്റെ പെരെപ്പുറം നോക്കാൻ മറന്നോ ന്റെ രാഘവ.

രാഘവേട്ടൻ കണ്ണുതുറപ്പിച്ചു ജാനകിചേച്ചിയെ ഒരു നോട്ടം.

എന്തോ ആലോചിച്ചിരുന്ന ജാനകിയമ്മ രാഘവേട്ടന്റെ അതെ തുറിച്ചുനോട്ടം വേറെ ഒരാളെ നോക്കി.

ടെറസിൽ പോയി നോക്കാൻ താൻ ഏല്പിച്ച തന്റെ രണ്ടാമത്തെ സന്തതി അനൂപിനെ.

മൂപ്പരപ്പഴും തനറെ പുതിയ എനിമിയെ കൊല്ലാനുള്ള പുറപ്പാടിലായിരുന്നു.


ശുഭം