പൊതിച്ചോറ്






പൊതിച്ചോറ്

പത്രത്തിന്റെ ആദ്യവരി തന്നെ മാത്യൂസിനെ നിശ്ചലനാക്കി — “പട്ടിണി – യുവതി മരിച്ച നിലയിൽ.”

“നമ്മുടെ നാട്ടിലോ…?” അവൻ നെടുവീർപ്പോടെ വായിച്ചു.
മാനസികനില തെറ്റിയ , ഭർത്താവുപേക്ഷിച്ചുപോയ ആരും നോക്കാനില്ലാതിരുന്ന ഒരു യുവതി, പേര് കണ്ടപ്പോൾ ഹൃദയം ഒന്ന് കുത്തിയിറങ്ങി — പവിത്ര പരമാനന്ദൻ. പവിത്ര പരമാനന്ദൻ!! ഇതെവിടെയോ കേട്ടത് തീർച്ച!!

അതെ! ഈ പേരുള്ള ഒരാളെ എനിക്കറിയാം, ചാര് കസേരയിലേക്ക് ചെരിഞ്ഞിരുന്നു പതിയെ അയാൾ തന്റെ പ്രായമായ ഓർമ്മകളിലേക്ക്‌ കയറിപ്പോകുന്നു ഒറ്റപ്പാലത്തേക്ക് അവിടെ വഴുതനാട് സ്കൂളിലേക്ക്.

സ്കൂളിൽ ഉച്ചഭക്ഷണത്തിനു വെറും ചോറ് കഴിക്കാൻ പറ്റിയാൽ വിധി… കറിയുണ്ടെങ്കിൽ ഭാഗ്യം… പൊതിച്ചോറാണെങ്കിൽ സ്വർഗം…അന്ന് അങ്ങനെയായിരുന്നു, പക്ഷെ വിധിയായ വെറും ചോറ് തന്നെ ആയിരുന്നു നിത്യം ”

ദാരിദ്ര്യത്തിന്റെ ദിവസങ്ങൾ… പുതിയ സ്കൂൾ… വെറും ചോറ് മാത്രം ഉള്ള ഉച്ചഭക്ഷണം…
ആ ദിവസങ്ങളിൽ അവന്റെ മുന്നിലേക്ക് നീണ്ടുവന്നൊരു കൈ — പവിത്ര. പലചരക്കുകട നടത്തുന്ന പരമാനന്ദൻ ചേട്ടന്റെ മോൾ.

അന്ന് മുതൽ അവന്റെ ഉച്ചഭക്ഷണത്തിൽ കറിയും, ജീവിതത്തിൽ സ്നേഹവും കൂടിയിരുന്നു.

ഓർമ്മ അവസാനിച്ചപ്പോൾ, പത്രത്തിലെ വരികൾ വീണ്ടും അവന്റെ മുന്നിൽ —
ഒറ്റപ്പാലം സ്വദേശിനി… വഴുതനാട് താമസം…

ചായകപ്പ് കൈയിൽ നിന്ന് തെറിച്ചു.

“ദൈവമേ…”
അവന്റെ ഉള്ളിൽ ഒരു തേങ്ങൽ പൊട്ടി.

ഒരിക്കൽ വിശപ്പിന്റെ വിലയരിഞ്ഞവൾ , മറ്റൊരാളുടെ വിശപ്പ് തീർത്തവൾ —
അവളുടെ സ്വന്തം വിശപ്പ് ആരും ചോദിച്ചില്ലേ ?

അവന്റെ മനസ്സിൽ വീണ്ടും തെളിഞ്ഞു —
കുപ്പിവളകളുള്ള ചെറിയ കൈ… ചിരിച്ചുകൊണ്ട് നീണ്ടുവരുന്നു…

പക്ഷേ ഇത്തവണ, ആ കൈ ശൂന്യമായിരുന്നു.


അഭിപ്രായങ്ങള്‍