ANGRY BABEESH!!
കലിപ്പനാണ് ബബീഷ് !!! ദേഷ്യം വന്നാൽ പിന്നെ മുന്നിൽ നിൽക്കുന്നത് അച്ഛനാണോ പള്ളീലച്ചനാണോ എന്നൊന്നും നോക്കില്ല. ഒന്ന് പറഞ്ഞാൽ രണ്ടാമത്തേതിന് കണ്ണ് ചുവക്കും, മൂന്നാമത്തേതിന് കൈ തരിക്കും. നാലാമത്തേതിനുമുമ്പുതന്നെ കേറി അടിച്ചിട്ടുമുണ്ടാകും.
പണ്ട് KSEB ഓഫീസറെ മീറ്ററിനടിച്ച ചരിത്രമുള്ളവനാണ് കക്ഷി. കാരണം ചോദിച്ചപ്പോൾ പറഞ്ഞത് "കലക്കവെള്ളത്തിൽ നിന്ന് കറൻ്റുണ്ടാക്കി വോൾട്ടേജ് കുറയ്ക്കുന്നു" എന്നാണ്! നാട്ടുകാർക്കും KSEB മാത്രമല്ല പോലീസിനും ഫയർഫോഴ്സിനും, വാട്ടർ അതോറിറ്റിക്ക് പോലും തലവേദനയായ ബബീഷിനെ നാട്ടുകാർ ഒന്നടങ്കം 'പൊതുശല്യമായി'ഔദ്യോഗികമായി പാസ്സാക്കി.
നാട്ടുകാരെല്ലാവരുംകൂടെ തല്ലിക്കൊന്നാലോ എന്ന് ഭയന്ന് , തനിക്കു ചേരുന്ന പണി പട്ടാളപ്പണിയാണെന്നു പറഞ്ഞു തന്റെ അമ്മാവനായിട്ടുള്ള കേശവൻമാമൻ ബബീഷിനെ പട്ടാളത്തിലേക്കയച്ചു.
നിർത്താൻ പറ്റാത്ത തന്റെ കലിപ്പ് സ്വഭാവം വല്ല പാകിസ്ഥാൻ പട്ടാളക്കരന്റെയടുത്തും എടുത്താൽ (തിരിച്ചാണെങ്കിലും)അതു നാടിനൊരു ഉപകാരം ആകുമല്ലോന്ന് ആള് നിനച്ചുകാണും.
കാശ്മീരിൽ യുദ്ധം തിരികൊളുത്തിയ ടൈമിൽ യുദ്ധത്തിന് പോവേണ്ടത് തന്നോട് മുൻകൂട്ടി പറഞ്ഞില്ലെന്നും പറഞ്ഞു പട്ടാള ക്യാമ്പിലെ മേജറിനോട് ശുണ്ഠി കാണിച്ചതിനു."അന്റെ സേവനങ്ങക്കു പെരുത്തു നന്ദി" ന്നും പറഞ്ഞു മേജർ മുജീബ് ബബീഷിനെ നാട്ടിലേക്കുതന്നെ തിരിച്ചയച്ചു.
പട്ടാളം കിട്ടിയ വണ്ടിക്കു നാട്ടിലേക്കയച്ചതാണേലും അന്നുമുതൽ നാട്ടുകാർക്കയാൽ പട്ടാളം ബബീഷായി .
നാട്ടിലെത്തിയ ബബീഷ് തന്റെ "ശുണ്ഠിത" പ്രവർത്തികൾകൊണ്ട് വീണ്ടാമതും നാട്ടുകാരെ പൊറുതിമുട്ടിക്കുന്ന സമയം, പണ്ട് പട്ടാളത്തിലേക്കയചു നാടിന് രക്ഷിക്കാൻ ശ്രമിച്ച കേശവനമ്മാവൻ വീണ്ടും ബബീഷിന്റെ മുമ്പിൽ എത്തി .
ഇത്തവണ അറബിക്കൾകിട്ടായിരുന്നു അമ്മാവന്റെ പണി.
അവിടെപ്പോയി ചൂടൊക്കെ കൊള്ളുമ്പോ ഇവന്റെ ചൂട് മാറിക്കോളുംന്നു പറഞ്ഞു അമ്മാവൻ വിസയും എടുത്തു ബബീഷിനെ ഖത്തറിലേക്കയക്കാൻ തീരുമാനിച്ചു.
എണ്ണവിറ്റും കുഴിമന്തി കഴിച്ചും നടന്നാൽ മാത്രം പോരല്ലോ നാട്ടിലൊരു പ്രെശ്നം വന്നാൽ ഏങ്ങനെ നേരിടാം എന്നുംകൂടെ അറബികൾ പഠിക്കട്ടെ, ex- ഗൾഫായ അമ്മാവൻ മനസ്സിൽ പറഞ്ഞു.
അങ്ങനെ റൺവേക്കു നീളംപോരെന്നു പറഞ്ഞു കരിപ്പൂരിൽ സമരം നടക്കുന്ന സമയം. എല്ലാവരുടെയും ആശിർവാദങ്ങളോടെ ബബീഷ് കരിപ്പൂരിൽന്നു വിമാനം കേറാൻ പുറപ്പെട്ടു.
നിപ്പക്കും പ്രളയത്തിനും കൊറോണക്കും ശേഷം ബബീഷ് കേരളം വിടുന്നു (നന്മയുള്ള ലോകമേ)
അങ്ങനെ തനിക്കുള്ള ഫ്ലൈറ്റ് പിടിക്കാൻ ചെക്കിങ് കൗണ്ടറിലെത്തിയ ബബീഷിനെ വരവേറ്റത് വിമാനത്തിൻ്റെ ഏതു ടയറാണ് ആദ്യം മുട്ടുന്നതെന്ന് നേരിട്ട് കാണാൻ റൺവേയിൽ ഓടിക്കയറിയ ഒരു സമരക്കാരൻ കാരണമുള്ള ഒരു മണിക്കൂർ ലേറ്റ്!
CISF ന്റെ കയ്യിലുള്ള AK 47ന്റെ പവർ പട്ടാളക്യാമ്പിൽനിന്നും അറിയാവുന്നതുകൊണ്ടും മാത്രം തന്റെ ദേഷ്യം മനസ്സിലൊതുക്കി ബബീഷ് അഡ്ജസ്റ്റ് ചെയ്തിരുന്നു, ഡിലെ ഒകെ കഴിഞ്ഞു ചുട്ടുപഴുത്ത മുഖവുമായി ക്യു കഴിഞ്ഞു ബബീഷ് ചെക്കിങ് സ്റ്റാഫിന്റെ അടുത്തെത്തി.
ചെക്കിങ് തുടങ്ങിയ സ്റ്റാഫ് ഓരോരോ സെക്യൂരിറ്റി ചോദ്യങ്ങൾ ചോദിക്കുമ്പോഴും പൊട്ടാനായ മൌണ്ട് വാൽക്കാനോ പോലേ ബബീഷ് ചുവന്നുതുടുത്തു. പല്ലിറുക്കി ഓരോന്നിനും ഉത്തരം പറഞ്ഞ ബബീഷ് കരിയർ ബെസ്റ് പിടിച്ചുനിൽക്കൽ നടത്തി.
ബോർഡിങ് പാസ് നീട്ടികൊണ്ടു കൗണ്ടർ സ്റ്റാഫ് ബാഗേജ് സെക്യൂരിറ്റി ചോദ്യം ചോദിച്ചു "സർ ബാഗിലെന്താണ്? "
പൊട്ടാതെ പിടിച്ചുനിന്ന മൌണ്ട് വാൽക്കാനോ അങ്ങനെ പൊട്ടിത്തെറിച്ചു. രണ്ടു മണിക്കൂർ കാത്തുനിന്ന കലിപ്പ് മുഴുവൻ ബബീഷ് പുറത്തെടുത്തു. അവൻ അലറി ͐ അയില് രണ്ട് ബോംബാണ് , ന്തെ അനക്ക് വേണോ ͐
ലാൻഡ് ആയ 2 ഫ്ലൈറ്റ് അവിടെത്തന്നെ നിന്നു. ഇറങ്ങാനുണ്ടായിരുന്നതിൽ 2 ഫ്ലൈറ്റ് ചെന്നൈയിലേക്കും 2 എണ്ണം കൊച്ചിയിലേക്കും വിട്ടു.
CISF എയർപോർട്ട് കവർ ചെയ്തു, കരിപ്പൂർ എയർപോർട്ടിനു നേരെ 2 സമയങ്ങളിലായി വ്യത്യസ്ത രീതിയിൽ ഭീകരാക്രമണ ശ്രമമെന്ന് ഫ്ലാഷ് ന്യൂസ് എല്ലാ ന്യൂസ് ചാനലിലും പോയിക്കൊണ്ടിരുന്നു.
വീണ്ടും രണ്ടു മണിക്കൂർകൂടെ കടന്നു പോയി, ഇനി വരവേല്പിന്റെ സമയമായിരുന്നു. CISF, ലോക്കൽ പോലീസ്, ബോംബ് സ്ക്വാഡ് മുതൽ അവിടെ അവൈലബിളായിട്ടുള്ള എല്ലാ ഡിപ്പാർട്മെന്റും പങ്കെടുത്തു.
മഴവെള്ളപാച്ചിലിൽ കുറ്റിക്കാട്ടിൽ കുടുങ്ങിയ പ്ലാസ്റ്റിക് കവറിനെപോലെ എയർപോർട്ട് പോലീസിന്റെ സെല്ലിൽ തൂങ്ങി കിടന്ന ബബീഷ് പക്ഷെ ഒറ്റക്കല്ലായിരുന്നു , കൂടെ ആദ്യം റൺവേയിൽമുട്ടുന്ന ഫ്ലൈറ്റിന്റെ ടയർ നോക്കാൻ റൺവേയിൽ കേറിയ കൗതുകക്കാരനും ഉണ്ടായിരുന്നു.
കുറച്ച് കാണുക
അഭിപ്രായങ്ങള്‍