ഞാൻ കണ്ട ട്വന്റി 20
അതൊരു എട്ടാം ക്ലാസ് കാലമായിരുന്നു. 'ട്വന്റി 20' എന്ന മഹാത്ഭുതം കേരളത്തിലെ തിയേറ്ററുകളിൽ പ്രകമ്പനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സമയം. മലയാള സിനിമയിലെ സകല താരങ്ങളും അണിനിരക്കുന്ന ആ സിനിമ തിയേറ്ററിൽ തന്നെ കാണണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും"ഒത്തില്ല".
അങ്ങനെ ഒരു ദിവസം വൈലത്തൂർ ലക്ഷ്യംവെച്ച് കോട്ടക്കൽ-തിരുർ റൂട്ടിലെ സൂപ്പർ കിംഗ് ബസ്സിൽ കേറിയപ്പോഴാണ് ഞാനാ സത്യം അറിയുന്നത്!!
അതെ, മോസർ ബെയർ CD കമ്പനി twenty20 യുടെ CDകൾ വിപണിയിലെത്തിച്ചിരിക്കുന്നു.
സൂപ്പർ കിങ്ങിന്റെ TVൽ അതാ twenty20 ഓടിക്കൊണ്ടിരിക്കുന്നു. സന്തോഷ, ആനന്ദ,രോമാഞ്ചത്തിൽ എന്റെ ബാല്യം അക്ഷരാർത്ഥത്തിൽ പുളകിതമായി.
അങ്ങനെ മലയാള സിനിമയിലെ ഒരു കാലഘട്ടത്തിലെ പ്രമുഖരൊക്കെ സ്ക്രീനിൽ വന്നു തുടങ്ങി. കുറച്ചു സമയം കഴിഞ്ഞപ്പോൾ സ്റാൻഡിൽനിന്നും ബസ് എടുത്തു.
കോട്ടയ്ക്കൽ പട്ടണത്തിലെ ബ്ലോക്കിലൂടെ ബസ് പതിയെ നീങ്ങി, ആദ്യമായിട്ട് റോഡിലെ ബ്ലോക്ക് കണ്ടു സന്തോഷിച്ചത് അന്നായിരുന്നു (പിന്നീടിതുവരെ അതിനു കഴിഞ്ഞിട്ടില്ല).
ബസ് എടരിക്കോട് എത്തിയപ്പോൾ മമ്മുക്കയുടെ ഇൻട്രോ ആയിട്ടുണ്ടായിരുന്നു. അപ്പഴേക്കും ബ്ലോക്ക് ഒക്കെ കഴിഞ്ഞു തുടങ്ങിയിരുന്നു.
ബ്ലോക്ക് കഴിഞ്ഞപ്പോൾ അതുവരെ രാമവർമ തിരുമൂൽപാടായിരുന്ന നമ്മുടെ സൂപ്പർ കിംഗ് ഡ്രൈവർ ഒറ്റ നിമിഷംകൊണ്ട് ബലരാമൻ കൊണാർക്കായി മാറി "ഐ വാസ് സ്ട്രോങ്ങ് സക്കീർ ഭായ് ". ബസ് അതാ പറ പറക്കുന്നു തിരൂരിലേക്ക്.
ഓരോരോ സ്റ്റോപ്പുകൾ കഴിയുംതോറും എന്റെ പേടി കൂടികൊണ്ടുവന്നു. അതിനു വ്യെക്തമായ ഒരു കാരണവും ഉണ്ടായിരുന്നു.അതെ. ലാലേട്ടൻ വന്നിട്ടില്ല.
രമേശ് നമ്പിയാരുടെ കാറിനേക്കാളും സ്പീഡിലാണ് ഡ്രൈവർ ബസ് ഓടിച്ചുകൊണ്ടിരിക്കുന്നത്. ഇങ്ങേർ എങ്ങാനും ആയിരുന്നെങ്കിൽ ബാബു ആന്റണിയെക്കാൾ മുന്നേ ഇക്കയെ കോടതിയിൽ എത്തിച്ചേനെ .എന്റെ ധാരണാശക്തി പറഞ്ഞുകൊണ്ടിരുന്നു.
അങ്ങനെ ബസ് വൈലത്തൂരിലേക്ക് കടന്നു കൊണ്ടിരുന്നു, അതെ എനിക്കിറങ്ങാനുള്ള സ്റ്റോപ്പ് ആവുന്നു, അതെ സമയം തന്നെ സ്‌ക്രീനിൽ അതാ ലാലേട്ടൻ കടന്നു വരുന്നു. (ബസിൽ നിന്ന് ഇറങ്ങാനല്ല എണീക്കാൻപോലും തോന്നാത്ത അവസ്ഥ, ഫാൻ ബോയ് മോമെന്റ്റ് )
പിന്നെ ഒന്നും ആലോചിച്ചില്ല, ഇനിയുള്ളതൊക്കെ മനസ്സിന്റെ വഴിയെവിട്ട് ഞാൻ അവിടെത്തന്നെ ഇരുന്നു.
ബസ് അപ്പഴും പറന്നുപോയ്കൊണ്ടിരുന്നു. ഞാൻ സിനിമയിൽ മുഴുകികൊണ്ടും ഇരിക്കുന്നു.
അങ്ങനെ ബസ് തീരുർ ബസ്റ്റാണ്ടിലേക്കു എൻട്രി ചെയ്തു . എല്ലാവരും ബസിൽ നിന്നിറങ്ങി.
തിരിച് ഈ ബസ് കോട്ടക്കലിലേക്കു തന്നെ പോകുമെന്ന് അറിയാവുന്നതുകൊണ്ട് ഞാൻ അവിടെത്തന്നെ ഇരുന്നു ബാക്കി പടം കൂടെ അങ്ങു കണ്ടോണ്ടിരുന്നു, കൂടെ കണ്ടക്ടറും ഉണ്ടായി, അയാളും പടത്തിൽ മുഴുകിയിരുന്നു.
കോട്ടക്കൽ ഭാഗത്തേക്കുള്ളവരൊക്കെ കേറിത്തുടങ്ങിയതും കണ്ടക്ടർ ഒരു ഭാഗത്തുനിന്നും ടിക്കറ്റ് കൊടുക്കാൻ തുടങ്ങി. അടുത്തേക്ക് എത്തും തോറും എന്റെ ശ്രദ്ധ TV ൽ നിന്നും അയാളിലേക്ക് മാറാൻ തുടങ്ങി, സിനിമയിൽനിന്നിറങ്ങി ഞാൻ യഥാർത്ഥ ലോകത്തേക്ക് എത്തിയതോടുകൂടെ എന്റെ പേടി കൂടെ അതിലേക്ക് വന്നു.
അങ്ങനെ അയാൾ എന്റെ അടുത്തെത്തി, എന്നെ ഒന്ന് തുറിച്ചു നോക്കാൻ തുടങ്ങിയപ്പഴേക്കും തിരിച്ചു വൈലത്തൂര് നിന്നും കോട്ടക്കലിലേക്കു പോവാൻ തന്ന പൈസ നീട്ടി ഞാൻ പറഞ്ഞു "ഒരു വൈലത്തൂർ"
(3 സെക്കന്റ് നിശബ്ദത)
ചിരിച്ചുകൊണ്ട് കണ്ടക്ടർ പറഞ്ഞു "ഇയ്യ് ഉറങ്ങിപോയല്ലേ"
ഒരു മ്ലേച്ച മുഖത്തോടെ തലകുലുക്കി ഞാൻ പറഞ്ഞു, 'അതെ ഉറങ്ങി പോയി'
"കൊയപ്പല്യാ, ഉറങ്ങിയോണ്ടല്ലേ , കായി തരണ്ട'
അയാൾ പിറകിലേക്ക് നടക്കുന്നത് ഒരു സിനിമ സീന് പോലെ ഇപ്പോഴും കാണാം.
(ട്വന്റി 20 അപ്പഴും ഇന്റർവെൽ ആയതേ ഒള്ളായിരുന്നു)
ശുഭം
അഭിപ്രായങ്ങള്‍