HAPPY റിട്ടയർമെന്റ്
ബംഗളുരുവിലെ ഇന്ദിരാനഗറിൽ, മഞ്ഞുപുതച്ച പുലരികൾക്ക് ഇന്നും പഴയ ബോഷ് (Bosch) കമ്പനിയിലെ യന്ത്രശബ്ദങ്ങളുടെ താളമില്ല. 39 വർഷത്തെ ദീർഘമായ ഔദ്യോഗിക ജീവിതത്തിന് വിരാമമിട്ട്, 69-ാം വയസ്സിൽ ഗോവിന്ദൻ നായർ വിശ്രമജീവിതത്തിലേക്ക് ചുവടുവെക്കുമ്പോൾ കൂട്ടിന് നിഴലായി ഗായത്രി ദേവിയുണ്ട്. ഇൻഫോസിസിലെ തിരക്കുകൾക്കിടയിലും മകൻ വിനുവും മരുമകൾ ആരതിയും കൊച്ചു ജാനകിയും ആ വീടിനെ സന്തോഷഭരിതമാക്കി. എങ്കിലും നായരുടെ മനസ്സ് എപ്പോഴും നിലമ്പൂർ ഇടക്കരയിലെ ആ പഴയ തറവാട്ടു മുറ്റത്തായിരുന്നു. ഒരു വർഷം കൂടി ബംഗളുരുവിൽ തുടരാമെന്ന് മകന് കൊടുത്ത വാക്ക് ഒരു കടമ്പയായി അദ്ദേഹത്തിന് തോന്നിത്തുടങ്ങിയിരുന്നു.
നായരും ഗായത്രിയും തമ്മിലുള്ള 45 വർഷത്തെ ദാമ്പത്യം ഒരു അത്ഭുതമായിരുന്നു. ഇടയ്ക്ക് കയറിവരാൻ പിണക്കങ്ങൾക്ക് പോലും പേടിയായിരുന്നു, പരസ്പര ധാരണയോടെയുള്ള ആ ബന്ധം കണ്ടു പലരും അസൂയപ്പെട്ടു. ഒരാളുടെ നിശബ്ദതയിൽ പോലും മറ്റേയാൾക്ക് മാറ്റങ്ങൾ തിരിച്ചറിയാൻ സാധിക്കുമായിരുന്നു.
ഒരുകാലത്ത് കടുത്ത പുകവലിക്കാരനായിരുന്ന നായരെ ആ ശീലത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ഗായത്രി എടുത്ത വഴി വിചിത്രവും എന്നാൽ തീവ്രവുമായിരുന്നു. നായരുടെ കയ്യിലെ ബീഡി വാങ്ങി ഒരിക്കൽ അവർ സ്വയം വലിച്ചു. പ്രിയതമയുടെ ആ "വിപ്ലവം" കണ്ട് വിറച്ചുപോയ നായർ അന്നേരം വലിയ്ക്കുന്നത് നിർത്തി. പക്ഷേ, പിന്നീട് അതൊരു മനോഹരമായ 'കരാറിലെത്തി'. രാത്രിയിൽ ഒരൊറ്റ ബീഡി—അതിന്റെ പകുതി ഗായത്രിക്ക് നൽകണം. "ഞാനും ഇത് ശീലമാക്കും" എന്നൊരു താക്കീതായി തുടങ്ങിയ ആ ശീലം പിന്നീട് അവരുടെ സ്നേഹത്തിന്റെ അടയാളമായി മാറി. രാത്രി എട്ടു മണിക്ക് അത്താഴം കഴിഞ്ഞ് ബാൽക്കണിയിൽ അവർ ലോകകാര്യങ്ങൾ പങ്കുവെച്ചിരിക്കുമ്പോൾ കൈമാറി വലിക്കുന്ന ആ പകുതി ബീഡി അവരുടെ സൗഹൃദത്തിന്റെ ആഴമായിരുന്നു.
നാട്ടിലേക്കുള്ള മടക്കത്തിന് ഒരു മാസം മാത്രം ബാക്കിനിൽക്കെ, ഒരു മഞ്ഞുവീണ പ്രഭാതത്തിൽ ഗായത്രി ദേവി ആ ഞെട്ടിക്കുന്ന സത്യം തിരിച്ചറിഞ്ഞു. തന്റെ പ്രാണനാഥൻ നിശബ്ദനായി യാത്രയായിരിക്കുന്നു. ഗോവിന്ദൻ നായരുടെ ഭൗതികശരീരം അദ്ദേഹം കൊതിച്ച ഇടക്കരയിലെ തറവാട്ടിലെത്തിച്ചു. സംസ്കാര ചടങ്ങുകളിലുടനീളം ഗായത്രി ദേവി കരഞ്ഞില്ല എന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തി. എന്നാൽ രാത്രിയിൽ, തറവാടിന്റെ മട്ടുപ്പാവിൽ ആ 45 വർഷത്തെ ഓർമ്മകൾക്ക് മുന്നിൽ അവർ തകർന്നുപോയി.
പ്രിയതമന്റെ വേർപാടിന് ശേഷം 25-ാം നാൾ ഗായത്രി ദേവിയും യാത്രയായി. മരണത്തിന് പോലും അവരെ അധികകാലം വേർപിരിക്കാനായില്ല.
മാതാപിതാക്കളുടെ ചിതാഭസ്മത്തോടൊപ്പം അവർ ജീവിച്ച കാലത്തിന്റെ അടയാളങ്ങൾ തറവാട്ടിൽ സൂക്ഷിക്കണമെന്ന് മകൻ വിനു തീരുമാനിച്ചു. ഭാര്യയുടെ കൂടെ അവരുടെ മുറിയിൽ നിന്ന് അച്ഛന്റെ പേനയും പേഴ്സും അമ്മയുടെ ജപമാലയും കണ്ണടയുമെല്ലാം അവൻ ശേഖരിച്ചു. വിതുമ്പലോടെ ഓരോ സാധനങ്ങളും മാറ്റുന്നതിനിടയിൽ, അവനെ അമ്പരപ്പിച്ചുകൊണ്ട് മറ്റൊരു വസ്തു കൂടി അവന്റെ കണ്ണിൽപ്പെട്ടു.
ആ നിമിഷം വിനുവിന്റെ കണ്ണിലെ കണ്ണീർ മാഞ്ഞു, ഒരു പുഞ്ചിരി വിരിഞ്ഞു. ബാൽക്കണിയിലിരുന്ന് ബീഡി പങ്കുവെക്കുന്ന അച്ഛന്റെയും അമ്മയുടെയും മുഖം അവന്റെ മനസ്സിൽ തെളിഞ്ഞു. ഒരു നെടുവീർപ്പോടെ, സ്നേഹത്തിന്റെ ആ അവസാന അടയാളവും അവൻ പെട്ടിയിലാക്കി.
അരികിൽ നിൽക്കുന്ന ഭാര്യയുടെ കണ്ണുകളിലേക്ക് നോക്കി ഒരു നേർത്ത പുഞ്ചിരിയോടെ അവൻ മന്ത്രിച്ചു"നീലച്ചടയൻ"

അഭിപ്രായങ്ങള്‍