PADIPPIYUM PARAVAYUM
ഫാത്തിമയും ഹസീബും അയൽവാസികളായിരുന്നു. അവർക്കിടയിൽ സാമ്യങ്ങൾഒന്നുംതന്നെ ഇല്ലായിരുന്നെങ്കിലും ഒരു പ്രധാന കാര്യത്തിൽ അവർ ഒരേ തൂവൽപക്ഷികളായിരുന്നു—ഇരുവരുടെയും ഉമ്മമാർ അധ്യാപകർ! പഠിക്കുന്നതാകട്ടെ അവർ പഠിപ്പിക്കുന്ന അതേ സ്കൂളിലും.
മാതാപിതാക്കൾ പഠിപ്പിക്കുന്ന സ്കൂളിൽ പഠിക്കുന്ന ഒരു ശരാശരി വിദ്യാർത്ഥിയുടെ അത്ര ഗതികെട്ടവൻ വേറെ ആരും ഉണ്ടാവില്ല. അപ്പോൾ ആ മാതാവ് തന്റെ ക്ലാസ് ടീച്ചർ കൂടെ ആയാലോ. അതായിരുന്നു ഹസീബിന്റെ അവസ്ഥ. 'ഇടിയും മിന്നലും വെള്ളപ്പൊക്കവും' ഒരുമിച്ചു വന്നാലുള്ളൊരു തരം അവസ്ഥ.
ഫാത്തിമക്ക് പിന്നെ അതൊന്നും ഒരു പ്രശ്നമായിരുന്നില്ല, കാരണം വായിക്കുന്ന പുസ്തകത്തിന്റെ പേജ് നമ്പർ പോലും കാണാപാഠം പഠിക്കുന്ന, പഠിച്ചു പഠിച്ചു പെരടി വേദന വരെ വന്നിട്ടുള്ള ഒരു ടൈപ്പ് പഠിപ്പിക്ക് അതൊന്നും വിഷയമാക്കേണ്ട കാര്യമില്ല . പക്ഷെ ഹസീബ് പഠിക്കുന്നത് തന്നെ ഉമ്മ ടീച്ചർ ആയിപോയി എന്ന ഒറ്റ കരണംകൊണ്ടായിരുന്നു.
അങ്ങനെ ആ നാൾ വന്നെത്തി . പണ്ട് സ്കൂളിന് സ്ഥലം വിട്ട് കൊടുത്തവരുടെ കയ്യിൽ കൂടുതൽ സ്ഥലം ഇല്ലാത്തതുകൊണ്ട് യു.പി. ക്ലാസ് വരെയായി മാത്രം തുടരേണ്ടി വന്ന ആ സ്കൂളിനോട് വിടപറയേണ്ട നിമിഷം.
അങ്ങനെ ഹസീബും ഫാത്തിമയും അടുത്തുള്ള ഹൈസ്കൂളിലേക്ക് മാറി. ഉമ്മയുടെ കുടക്കീഴിൽ അനങ്ങാനും തിരിയാനും എന്തിനു തുമ്മാനു പോലും സ്വാതന്ത്ര്യം ഇല്ലാതെ കഴിഞ്ഞിരുന്ന ഹസീബ് ജീവപര്യന്തം ശിക്ഷയിൽനിന്നും നല്ലനടപ്പിന് വെറുതെവിട്ട തടവുകാരനെപോലെ തുള്ളിച്ചാടി .
ഉമ്മ ടീച്ചർ ആണെന്ന് മറച്ചുവെച്ചു 3 കൊല്ലം നല്ലോണം അർമാദിച്ച അവൻ സ്വാതന്ത്ര്യത്തിന്റെ ആകാശംതന്നെ തൊട്ടു.
ഫാത്തിമ അപ്പോഴും അതെ സ്കൂളിലെ ടോപ്പേർ തന്നെ ആയി തുടർന്നു . അല്ലേലും 'വൺസ് എ പഠിപ്പി, ഓൾവേയ്സ് എ പഠിപ്പി' എന്നാണല്ലോ.
അങ്ങനെ പത്താം ക്ലാസ് റിസൾട് വരുന്ന ദിവസം വന്നെത്തി. തന്റെ കയ്യിലിരിപ്പുകൊണ്ട് ഒരു വിധേനയും പാസ്സാക്കാൻ പോകുന്നില്ല എന്നറിയാമായിരുന്ന ഹസീബ് ബാഗ് പാക്ക് ചെയ്തു. തീരുമാനം ആയാൽ അപ്പൊത്തന്നെ വായനാടുള്ള അമ്മാവന്റെ അടുത്തേക്ക് നാടുവിടണം.
ഒടുവിൽ റിസൾട്ട് വന്നു. തന്റെ പഴയ ഡോക്കോമോ ഫോണിലെ 2G നെറ്റിൽ വിറയ്ക്കുന്ന വിരലുകളോടെ അവൻ ഫലം തിരഞ്ഞു. കറങ്ങി കറങ്ങി തെളിഞ്ഞുവന്ന റിസൾട്ട് കണ്ട് ഹസീബ് അമ്പരന്നു—എ പ്ലസ് ഇല്ലെങ്കിലും A മുതൽ ഡി പ്ലസ് (D+) വരെ എല്ലാമുണ്ട് , അതെ തോറ്റിട്ടില്ല!
മതി അത് മതി ജയിച്ചാൽ മതി. ഒരു അണ്ടാവു പോലത്തെ നെടുവീർപ്പിട്ടു ഹസീബ് വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിനുവേണ്ടി നാല് യാസീൻ ഓതാൻ നേർച്ചയയും നേർന്നു.പക്ഷെ പിന്നീട് ആലോചിച്ചപ്പോൾ അവൻ നാല് യാസീനുള്ളത് 1 ആക്കി.(അല്ലേലും നാലിൽ കൂടുതൽ യാസീൻ ഓതാൻ മാത്രമുള്ള ക്ഷമ ഉണ്ടേൽ ഇവന് ഫുൾ എ+ കിട്ടുമായിരുന്നല്ലോ,ഏത്.
തന്റെ വിജയം സുഹൃത്തുക്കളെ അറിയിക്കാൻ ഓടുന്നതിനിടയിലാണ് അവൻ ആ കാഴ്ച കണ്ടത്—ഉമ്മറത്തിരുന്നു തേങ്ങിക്കരയുന്ന ഫാത്തിമ! അവളുടെ ഉമ്മയും ഉപ്പയും അവളെ ആശ്വസിപ്പിക്കുകയാണ്.
"പടച്ചോനെ ഇവളെങ്ങാനും തോറ്റു കാണുമോ ???"
എപ്പോഴും ഫാത്തിമയെ കണ്ടു പഠിക്കാൻ പറയുന്ന ഉമ്മാനോട് റോക്കിഭായ് മോഡൽ ഒരു ഡയലോഗ് അടിക്കാൻ അവസരം കിട്ടുമോ
"പടച്ചോനെ തോറ്റു കാണണേ " അങ്ങനെ ആണേൽ ഒരു യാസീനുംകൂടെ ഓതാം ഡബിൾ ധമാക്കയല്ലേ.
തന്നെ പഠിക്കാത്തതിന് വിമർശിച്ചിട്ടുള്ള ഓൾടെ ഉമ്മ മറിയടീച്ചറുടെ വായിലന്നെന്നെ ആ ന്യൂസ് കേൾക്കണം എന്നാഗ്രഹത്തോടെ ഒരു സെൻറ്റി മുഖത്തിട്ട് അവൻ ചോദിച്ചു "എന്ത് പറ്റി മറിയതാത്ത "
"മോനെ ഹസീബേ , ന്റെ മോള് ഫുൾ A+ഉം പ്രതീക്ഷിച്ചും ഇരിപ്പായിരുന്നു , പക്ഷെ പടച്ചോനെ വിധിച്ചില്ലടാ"
ഉള്ളിലെ ആനന്ദം അടക്കിപ്പിടിച്ച് ഹസീബ് ആശ്വസിപ്പിച്ചു: "സാരമില്ല ടീച്ചറെ, നമുക്ക് റീവാല്യൂവേഷന് കൊടുക്കാം. പേപ്പർ നോക്കിയവർക്ക് തെറ്റിയതാവും "
ദുഃഖത്തോടെ മറിയ ടീച്ചർ പറഞ്ഞു "മതി മോനെ പക്ഷെ അപ്പഴേക്കും 10 A + കിട്ടിയവരുടെ പടങ്ങളൊക്കെ പോസ്റ്ററിലും പത്രത്തിലും വന്നു കഴിയില്ലേ മോനെ, ഒൻപത് എ-പ്ലസും ഒരു എ-യും കിട്ടിയവളെ ആര് ശ്രദ്ധിക്കാൻ.
'അണ്ണാക്കിലടിച്ച ട്വിസ്റ്റ് '
അവൻ അന്തംവിട്ടു പോയി. തോറ്റവർ പോലും ഇത്രയും കരയില്ല! തന്റെ സർട്ടിഫിക്കറ്റിലെ ആ 'D+' കണ്ട് അഭിമാനിച്ച നിമിഷത്തെയോർത്ത് അവന് ലജ്ജ തോന്നി.
സൗണ്ട് ഇടറി ഓൻ ചോദിച്ചു "അപ്പൊ ഒന്ന് A ആയിപോയോണ്ടാണോ ഇങ്ങളെ മോള് ഇങ്ങനെ കിടന്നു കരയുന്നെ "
"പിന്നല്ലാതെ, അത്രയ്ക്ക് പ്രതീക്ഷിച്ചതായിരുന്നു ന്റെ മോള് "
ദാ കിടക്കുന്നു കിണ്ടിയും വെള്ളോം
ഹസീബ് ഫാത്തിമയെ ഒന്ന് നോക്കി കണ്ണീരിൽകുളിച്ചുകിടക്കുന്ന അവളെ നോക്കി അവൻ മനസ്സിൽ പറഞ്ഞു "ഒളെ ഒലക്കമ്മലെ ഫുൾ എ+".
രാത്രി സമയം.
തന്റെ റിസൾട്ട് തനിക്കു വലുതാണെലും, വീട്ടുകാർക്ക് അങ്ങനെ ആയിരുന്നില്ല. മറ്റൊരു ടീച്ചറുടെ മകളായ ഫാത്തിമയുടെ മികച്ച റിസൾട്ട് ഉദാഹരിച്ച്, ഉമ്മ വീണ്ടും അവനെ ശകാരിച്ചു. .
ശിക്ഷയായി അവനെ വയനാട്ടിലെ അമ്മാവന്റെ അടുത്തേക്ക് അയക്കാൻ തീരുമാനിച്ചു. അമ്മാവനെ പേടിയാണെങ്കിലും ഇപ്പോൾ പോവുന്നതാണ് നല്ലതെന്നു അവനും തോന്നി, വയനാടിന്റെ തണുപ്പിലേക്ക് മാറുമ്പോൾ ഹസീബ് ഒരു പ്രതിജ്ഞ എടുത്തു: "പ്ലസ് ടുവിന് ഫാത്തിമയെക്കാൾ മാർക്ക് വാങ്ങി നാട്ടിൽ തിരിച്ചെത്തണം!"
രണ്ടു വർഷം കടന്നുപോയി. പ്ലസ് ടു റിസൾട്ട് വന്നപ്പോൾ ഹസീബ് ആദ്യം നോക്കിയത് തന്റെ റിസൾട്ടല്ല, ഫാത്തിമയുടെ റിസൾട്ടാണ്. പക്ഷേ ഭാഗ്യം അവിടെയും തുണച്ചില്ല; തന്റെ ശത്രു മലപ്പുറം ജില്ലയിലെ തന്നേ ഡിസ്ട്രിക്ട് ടോപ്പേർ ആയി മാറിയിരുന്നു. "ഇവൾക്ക് പഠിച്ചു ഭ്രാന്തായതാണോ പടച്ചോനെ "പിന്നീട് അവന്റെ റിസൾട്ട് നോക്കാൻ അവനു തോന്നിയില്ല .അല്ലേലും താൻ പഠിച്ചു തോല്പിക്കാതെ ഓള് പഠിക്കാതെ തോൽക്കട്ടേന്ന് വിചാരിച്ചിരിക്കുന്നവനു തന്റെ റിസൾട്ട് നോക്കേണ്ട ആവിശ്യം ഇല്ലല്ലോ .
പഠിച്ചു ജയിക്കാൻ കഴിയില്ലെന്ന് ഉറപ്പിച്ച ഹസീബ് അമ്മാവന്റെ മകന്റെ കൂടെ ഗൾഫിലേക്ക് വിമാനം കയറി.
ഫാത്തിമ മലപ്പുറം GIRLS കോളേജിൽ അഡ്മിഷൻ കിട്ടിയതറിഞ്ഞ ഹസീബ് മലപ്പുറത്തു തന്നെ ഡിസ്റ്റൻസ് ആയിട്ട് ഡിഗ്രിക്ക് ചേർന്നു . അതാകുമ്പോ ഗൾഫിൽ നിന്ന് തന്നെ എക്സ്മും എഴുതാം, പറ്റിയാൽ ഡിഗ്രിയിൽ ഓളെ പിടിക്കണം, പക്ഷെ അവിടെയും അവൾ പഠിക്കാതിരുന്നാലേ നടക്കൂ.
ഗൾഫിലെ ഒരു കമ്പനിയിൽ ക്വാളിറ്റി ചെക്കറായി പണിക്കു കേറിയ ഹസീബിന് 6ആം മാസം ആ ന്യൂസ് കൊണ്ട് ഉമ്മാന്റെ ഒരു കാൾ എത്തി.
"മോനെ ഫാത്തിമയുടെ കല്യാണം ആണെടാ, ഒളെ പഠിപ്പിക്കുന്ന ഒരു സാറുമായിട്ടെന്നെയാ, പ്രേമ വിവാഹം ആണ് "
ഹസീബ് ആകെ കുണ്ഠിതനായി "പുസ്തകത്തിന്നു തല പൊന്തിക്കാത്ത ഇവൾക്കെങ്ങനെ ഒരാളെ പ്രേമിക്കാൻ പറ്റും" അവൻ മനസ്സിനോട് പറഞ്ഞു: "ചിലപ്പോൾ സാർ മാർക്ക് ഫ്രീയായി കൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ടാകും, അല്ലാതെന്ത്!" ഓരുടെ ഫസ്റ്റ് ഡേറ്റ് ചിലപ്പോ വല്ല ലൈബ്രെറിയിലും ആയിരിക്കും, ജ്യൂസിന് പകരം വിങ്സ് ഓഫ് ഫയർ ആവും ഓർഡർ ചെയ്തിട്ടുണ്ടാകുക " അവന്റെ ആലോചന അതിനെക്കുറിച്ച് മാത്രമായി.
മനസ്സിൽ ആത്മഗതം പറഞ്ഞു ഹസീബ് സ്വയം ചിരിച്ചു.
വർഷങ്ങൾ കടന്നു പോയി അങ്ങനെ രണ്ടര വർഷത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ പ്രവാസി ഹസീബ്, തന്റെ വീടിന്റെ പരിസരമൊക്കെ നടന്നു കാണുകയായിരുന്നു. അയൽപക്കത്തെ മുറ്റത്ത് ഒരു കുഞ്ഞിനെ താലോലിക്കുന്ന ഫാത്തിമയെ അവൻ കണ്ടു..
ഫാതിമാനെ കണ്ട ഹസീബ് ഓളോട് ചോദിച്ചു. "താത്താന്റെ കുട്ടിയാണോ "
ഫാത്തിമ "അല്ല എന്റെയ"
ഒന്ന് വണ്ടറടിച്ച ഹസീബ് ചോദിച്ചു "അനക്ക് കുട്ടിയൊക്കെ ആയോ (കല്യാണം കഴിഞ്ഞ ആളോട് ചോദിക്കണ്ട കാര്യം അല്ലാന്നു ഹസീബിനറിയാ, പക്ഷെ ഓൾടെ കാര്യത്തിൽ അവനിപ്പഴും ഡൌട്ട് ആണ് .
ഇപ്പോ ന്ത പരിപാടി പടിക്കെന്നെ ആണോ അതോ എവിടേലും ജോബിന് കേറിയ.
തന്നെ ഞെട്ടിച്ചുകൊണ്ട് ആ മറുപടി ഫാത്തിമ പറഞ്ഞു.
"ഇപ്പോ ഒരു പരിപാടീം ഇല്ലടാ , ദാ ഇവനെ നോക്കല് തന്നെയാ മെയിൻ പരിപാടി. കല്യാണ ശേഷം പിന്നെ പഠിക്കാനൊന്നും പോയില്ല "
ഹസീബിന്റെ തലയിൽ ആ നിമിഷം അങ്ങാടിക്കുരുവി അടക്കം ഒരായിരം കിളികൾ ഒന്നിച്ചു പറന്നു.
ഫാത്തിമ തുടർന്നു "കല്യാണം ഒകെ കഴിഞ്ഞപ്പോ പഠിക്കാനുള്ള മൂടോക്കെ പോയി, അപ്പൊ പിന്നെ പഠിപ്പും നിർത്തി, പിന്നെ ഇവൻ കൂടെ വന്നപ്പോ തീരെ നിർത്തി "
ഹേ!! അവനെന്തോ ഒരു മരവിപ്പ് , എവിടെയോ എന്തോ തകരാറു പോലെ, ജില്ലാ കളക്ടർ കെ.എസ്.ഇ.ബി മീറ്റർ റീഡിംഗിന് വന്നാലുള്ള പോലത്തെ അവസ്ഥ!
"ഇതിനായിരുന്നോ പെണ്ണെ നീ പത്തിൽ ഒരു എ കുറഞ്ഞുപോയതിന് നാട് നടുങ്ങുന്ന രീതിയിൽ കരഞ്ഞത്? ഇതിനായിരുന്നോ നീ ഡിസ്ട്രിക്റ്റ് ടോപ്പർ ആയത്? ഇത് കാണാനായിരുന്നോ ആ പഴയ പാവം ഹസീബ് ഉറക്കമൊഴിച്ച് നിന്നെ തോൽപ്പിക്കാൻ നോക്കിയത്?" ഇതൊക്കെ അവളുടെ മുഖത്തുനോക്കി ചോദിക്കണമെന്ന് ഉണ്ടായിരുന്നു അവന്, പക്ഷെ ചോദിച്ചില്ല.
ഹസീബ് നേരെ വീട്ടിലേക്കാണ് നടന്നത്. ആദ്യം ആണ് അവന്റെ ഉമ്മാനേം ഉപ്പാനേം കാണണമായിരുന്നു.
ഇവളെ കണ്ടു പഠിക്കാൻ പറഞ്ഞ തന്റെ മാതാപിതാക്കളെ. അവന് പറയാനുള്ളത് അവരോടായിരുന്നു.
ശുഭം
അഭിപ്രായങ്ങള്‍